Home Businessഇറ്റാലിയൻ കമ്പനിയുടെ വ്യാജ ഇമെയിൽ; ലുലു ഗ്രൂപ്പിന് 1.64 കോടി രൂപയുടെ സൈബർ തട്ടിപ്പ്

ഇറ്റാലിയൻ കമ്പനിയുടെ വ്യാജ ഇമെയിൽ; ലുലു ഗ്രൂപ്പിന് 1.64 കോടി രൂപയുടെ സൈബർ തട്ടിപ്പ്

by news_desk1
0 comments

കൊച്ചി: വിശ്വസ്തമായ ബിസിനസ് പങ്കാളിയുടെ പേരിൽ എത്തിയ ഇമെയിൽ, പക്ഷേ പിന്നിൽ വൻ സൈബർ തട്ടിപ്പ്! ഇറ്റാലിയൻ കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന ആൾമാറാട്ടം നടത്തി ലുലു ഗ്രൂപ്പിൽനിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ലുലു ഗ്രൂപ്പിന്റെ ദീർഘകാല ബിസിനസ് പങ്കാളിയായ ഇറ്റാലിയൻ കമ്പനിയായ ഐ.ഇ. പാർക്ക് എസ്.ആർ.എല്ലിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയതിന്റെ കുടിശ്ശിക അടയ്ക്കാനെന്ന പേരിൽ വ്യാജ ഇൻവോയ്സുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ച് പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സന്ദേശങ്ങൾ യഥാർഥമാണെന്ന് വിശ്വസിച്ച ലുലു ഗ്രൂപ്പ് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് പണം കൈമാറി.

ഈ വർഷം സെപ്റ്റംബർ രണ്ടിനും 29നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഇറ്റാലിയൻ കമ്പനിയുടെ പ്രതിനിധികളാണെന്ന് നടിച്ചാണ് പ്രതികൾ ഇടപാടുകൾ നടത്തിയത്. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയുടെ പേരിൽ 1,50,500 യൂറോയാണ് കൈമാറിയത്. ഇതിന് ഏകദേശം 1.64 കോടി രൂപ വരും.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനു പിന്നാലെ ലുലു ഗ്രൂപ്പിന്റെ ലീഗൽ മാനേജർ ദീപക് ശ്രീധർ നായർ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെയും വിവരസാങ്കേതിക നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

വ്യാജ ഇലക്ട്രോണിക് സന്ദേശങ്ങളും ആൾമാറാട്ടവും ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് സാമ്പത്തിക നഷ്ടമുണ്ടാക്കി നിയമവിരുദ്ധമായി പണം സമ്പാദിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. വ്യാജ ഇമെയിലുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താനും പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

You may also like