ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയത് ആശങ്കയാകുന്നു. പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ വിലാസം, താമസവിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന 3,897 ഉപഭോക്തൃ രേഖകളാണ് പുറത്തായതായി കണ്ടെത്തിയത്. ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾക്കൊപ്പം വായ്പാ അപേക്ഷകളുമായി ബന്ധപ്പെട്ട രേഖകളും ചോർന്നതായാണ് വിവരം. സംഭവത്തിൽ ബാങ്ക് സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചു.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന മുന്നറിയിപ്പ് ഒക്ടോബർ 16ന് ലഭിച്ചിരുന്നതായി എസ്ബിഐ അറിയിച്ചു. ഭീഷണി വിവരങ്ങൾ നൽകുന്ന സേവനദാതാവ്, പ്രതിരോധ സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി.-ഇൻ) എന്നിവരിൽ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. തുടർന്ന് പുറത്തായ വിവരങ്ങളുടെ വ്യാപ്തിയും ഉറവിടവും കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബ്രാഞ്ച് വിവരങ്ങൾ, ഉപഭോക്തൃ വിവര ഫയലുകളുടെ തിരിച്ചറിയൽ സൂചികകൾ, ലീഡ് ഐഡികൾ, വായ്പാ-ലീഡ് രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റ് അനുബന്ധ ഫയലുകളുടെ മെറ്റാഡാറ്റ എന്നിവയും ചോർന്നവയിൽ ഉൾപ്പെടുന്നതായാണ് കണ്ടെത്തൽ. 3,897 രേഖകളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ചോർച്ച ബാധിച്ചിട്ടില്ലെന്നും എസ്ബിഐ അറിയിച്ചു.
ഇതിനിടെ, ‘സിറിയസിം’ എന്ന പേരിലുള്ള അജ്ഞാത ഹാക്കർ സംഘം 3.75 ലക്ഷം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഡാർക്ക് വെബ് ഫോറമായ ‘ബ്രീച്ച് ഫോറംസ്’ വഴി അവകാശപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിലവിൽ കണ്ടെത്തിയ 3,897 രേഖകളുടെ ചോർച്ചയും ഹാക്കർ സംഘം ഉന്നയിച്ച വലിയ അവകാശവാദവും തമ്മിൽ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. സംഭവത്തിന് പിന്നിൽ ആരാണെന്ന് എസ്ബിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
