ന്യൂഡൽഹി: വിമാന ഇന്ധനവില ഉയർന്നതിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ വലിയ വർധന വരുത്തി ഇൻഡിഗോ. ആഭ്യന്തര വിമാന ഗതാഗതത്തിന്റെ മൂന്നിൽ രണ്ടും കൈകാര്യം ചെയ്യുന്ന ഇൻഡിഗോ, ആഭ്യന്തര-രാജ്യാന്തര സർവീസുകൾക്കുള്ള ഇന്ധന സർചാർജ് വർധിപ്പിച്ചതായി അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ആറുമുതൽ പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനവിലയിലുണ്ടായ വർധനയാണ് സർചാർജ് കൂട്ടാനുള്ള കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. റൂട്ടിന്റെയും ദൂരത്തിന്റെയും അടിസ്ഥാനത്തിൽ 425 രൂപ മുതൽ 10,000 രൂപ വരെയാണ് പുതിയ സർചാർജ്.
ആഭ്യന്തര സർവീസുകളിലെ സർചാർജ്:
- 500 കിലോമീറ്ററിൽ താഴെ – 425 രൂപ
- 501 മുതൽ 1,000 കിലോമീറ്റർ വരെ – 600 രൂപ
- 1,001 മുതൽ 1,500 കിലോമീറ്റർ വരെ – 900 രൂപ
- 1,501 മുതൽ 2,000 കിലോമീറ്റർ വരെ – 1,150 രൂപ
- 2,000 കിലോമീറ്ററിന് മുകളിൽ – 1,300 രൂപ
രാജ്യാന്തര സർവീസുകളിലെ സർചാർജ്:
500 കിലോമീറ്ററിൽ താഴെയുള്ള സാർക്ക് മേഖലയിലേക്കുള്ള സർവീസുകൾക്ക് 500 രൂപയും 500 കിലോമീറ്ററിന് മുകളിലുള്ള സർവീസുകൾക്ക് 1,000 രൂപയും സർചാർജായി ഈടാക്കും.
തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ജി.സി.സി, വടക്കൻ-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് 5,500 രൂപയാണ് പുതിയ സർചാർജ്. ആഫ്രിക്കയിലേക്കുള്ള സർവീസുകൾക്ക് 6,000 രൂപയും യൂറോപ്പിലേക്കുള്ള സർവീസുകൾക്ക് 10,000 രൂപയുമാണ് ഈടാക്കുക.
ഇന്ധന സർചാർജിലെ വർധന വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കും. തുടർച്ചയായ ഇന്ധനവില വർധനയെ തുടർന്ന് വിമാന ഇന്ധനവില കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്.
വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗവും വിമാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇന്ധനവില വർധനയുടെ മുഴുവൻ ബാധ്യതയും യാത്രക്കാരിൽനിന്ന് ഈടാക്കാതെ, നിശ്ചിതമായ തുക മാത്രമാണ് സർചാർജായി പുനർനിർണയിച്ചിരിക്കുന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
