Home Keralaഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച കേസ്; നടി അതുല്യ ചന്ദ്രയടക്കം മൂന്നുപേർക്ക് ജാമ്യം, പരാതിക്കാരനെതിരെ ഗുരുതര ആരോപണങ്ങൾ

ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച കേസ്; നടി അതുല്യ ചന്ദ്രയടക്കം മൂന്നുപേർക്ക് ജാമ്യം, പരാതിക്കാരനെതിരെ ഗുരുതര ആരോപണങ്ങൾ

by news_desk1
0 comments

കൊച്ചി: ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ച് മർദിക്കുകയും പണവും വിലപിടിപ്പുള്ള ഉപകരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ നടൻ ബിബിൻ പെരുമ്പിള്ളി, നടി അതുല്യ ചന്ദ്ര, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവർക്ക് ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, പരാതിക്കാരനായ ഡോക്ടർ ജോൺസൺ കെ. വർഗീസ് മറ്റൊരു ബലാത്സംഗക്കേസിൽ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

ഈ മാസം രണ്ടിന് ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയശേഷം ഡോക്ടറെ മർദിക്കുകയും മൂന്നുലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ഒടുവിൽ ഒരു കോടി രൂപ നൽകാമെന്ന് സമ്മതിച്ചതോടെ മൂന്ന് ദിവസത്തിനകം 25 ലക്ഷം രൂപ നൽകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. കടവന്ത്ര പൊലീസിലാണ് ഡോക്ടർ പരാതി നൽകിയത്.

എന്നാൽ, രണ്ടാം പ്രതിയുടെ ബന്ധുവിനെ ഡോക്ടർ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തതായും ഇതിൽനിന്ന് രക്ഷപ്പെടാനും ഫോണുകൾ തിരികെ ലഭിക്കാനുമാണ് വ്യാജ പരാതി നൽകിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ ബന്ധുവിനെ പീഡിപ്പിച്ച വിവരം അറിഞ്ഞ് കുടുംബാംഗങ്ങൾ ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിച്ച ഡോക്ടർ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് പറഞ്ഞ് ഫോൺ കൈമാറിയതായും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതുല്യയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഡോക്ടറുടെ ഫോണിൽ രോഗികളുടേതുൾപ്പെടെ നിരവധി പേരുടെ നഗ്നദൃശ്യങ്ങളുണ്ടെന്നും ഫോണുകൾ തിരികെ ലഭിച്ചില്ലെങ്കിൽ ഈ വിവരങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണ് പരാതിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരു ആരോപണം. അതേസമയം, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും അതിന്റെ ഗൗരവം മാത്രം ജാമ്യം നിഷേധിക്കാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. നവംബർ അഞ്ചുമുതൽ 15 ദിവസമായി പ്രതികൾ കസ്റ്റഡിയിലാണെന്നും കൂടുതൽ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. ഡോക്ടറുടെ ഫോൺ രണ്ടാം പ്രതിയുടെ ബന്ധു മറ്റൊരു പൊലീസ് സ്റ്റേഷനിൽ കൈമാറിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഫോൺ സ്വമേധയാ നൽകിയതാണോ തട്ടിയെടുത്തതാണോ എന്നത് വിചാരണയിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

You may also like