കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാൽ ഒടുവിൽ ബിജെപിയോടും ടാറ്റാ പറഞ്ഞു. ബിജെപിയിൽ ചേർന്നത് വലിയൊരു എടുത്തുചാട്ടമായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നുമുള്ള തുറന്നുപറച്ചിലോടെയാണ് പത്മജ പാർട്ടി അംഗത്വം രാജിവെച്ചത്.
ലീഡർ കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ 2024 മാർച്ച് 7നാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളായിരുന്നു പാർട്ടി മാറ്റത്തിന് പിന്നിൽ. എന്നാൽ ബിജെപിയിലെത്തിയിട്ടും പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. ദേശീയ കൗൺസിൽ അംഗമായിരുന്ന പത്മജ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
പദവികൾ ലഭിക്കാത്തതുകൊണ്ടല്ല രാജിയെന്നും തെറ്റ് തിരുത്തുകയാണെന്നുമാണ് പത്മജയുടെ വിശദീകരണം. താൻ ജനിച്ചുവീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്തതായിരുന്നുവെന്നും അവർ പറഞ്ഞു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു ബിജെപിയിലെ അനുഭവമെന്നും പത്മജ പറയുന്നു.
ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോഴും കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പത്മജയുടെ നിലപാട്. കോൺഗ്രസ് നേതൃത്വവുമായി കലഹിച്ച് ബിജെപിയിലെത്തി അവിടം വിടുന്ന പത്മജയുടെ രാഷ്ട്രീയ പിന്മാറ്റം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
