കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന 18കാരൻ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 33 പേരാണ് കേസിലെ പ്രതികൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിയാണ്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽവച്ച് ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പ്രധാന ആരോപണം.
ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചശേഷം മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ തിരിച്ചറിഞ്ഞുവെന്നും തുടർന്ന് സ്വന്തം നിലയിൽ വിചാരണ നടത്തി കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ആദ്യം പൊലീസ് അന്വേഷിച്ച കേസിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെ തുടർന്ന് 2016 ഫെബ്രുവരിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് മൂന്നു വർഷത്തിനുശേഷം 2019 ഫെബ്രുവരി 11ന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ ഒന്നുമുതൽ 15 വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
16-ാം പ്രതി കെ.വി. സജിത്തിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 17, 19 മുതൽ 27 വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ ഒഴികെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
18-ാം പ്രതി എൻ.പി. നവീൻ, 28-ാം പ്രതി പി.പി. സുരേശൻ, 29-ാം പ്രതി കെ. ബാബു, 30-ാം പ്രതി യു.വി. വേണു, 31-ാം പ്രതി എ.വി. ബാബു, 32-ാം പ്രതി പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ് എന്നിവർക്കെതിരെ കൊലപാതകക്കുറ്റത്തിന് പുറമേ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിലെ 20-ാം പ്രതി എ. സരീഷും 31-ാം പ്രതി എ.വി. ബാബുവും ജീവിച്ചിരിപ്പില്ല.
നീണ്ട നിയമനടപടികൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് കേസിൽ കോടതി ഇന്ന് വിധി പറയുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിധിയാണിത്.
