Home Editorialവിയോജിപ്പുകൾ ജനാധിപത്യത്തിന്റെ കരുത്താകണം

വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ കരുത്താകണം

by news_desk
0 comments

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് ഇടമുണ്ടാകുന്നത് ഭരണത്തിന്റെ ദൗർബല്യമല്ല; കരുത്താണ്. എന്നാൽ വിയോജിപ്പുകളെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനംകൊണ്ടുമാത്രം ഒരു ഭരണകൂടം ജനാധിപത്യപരമാകില്ല. അധികാരത്തിന്റെ പ്രവർത്തനശൈലിയിലും തീരുമാനങ്ങളെടുക്കുന്ന രീതിയിലും ജനാധിപത്യബോധം പ്രകടമാകണം. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിസഭായോഗത്തിൽ മന്ത്രിമാർതന്നെ വിമർശനമുന്നയിച്ചതും അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും ഉയർത്തുന്നത് ഈ അടിസ്ഥാന രാഷ്ട്രീയ ചോദ്യമാണ്.
പി.എസ്.സി അംഗങ്ങളുടെയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെയും നിയമനങ്ങളിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്നായിരുന്നു മന്ത്രിമാരുടെ പ്രധാന പരാതി. കെ.പി.സി.സി അധ്യക്ഷൻ കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രവർത്തനശൈലിയെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. ബോർഡ്, കോർപറേഷൻ വിഭജനത്തിൽ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ഒടുവിൽ ചർച്ചകളിലൂടെയും സമവായത്തിലൂടെയുമാണ് നിയമന പട്ടികകൾക്ക് അംഗീകാരം ലഭിച്ചത്. മന്ത്രിമാരുടെ വിമർശനത്തെ ജനാധിപത്യത്തിന്റെ മനോഹാരിതയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇത് പിണറായിയുടെ മന്ത്രിസഭയല്ലെന്നും വിധേയരുടെ കൂട്ടമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതും സ്വാഗതാർഹമാണ്. എന്നാൽ, മുൻ സർക്കാരിന്റെ ഭരണശൈലിയിൽനിന്ന് വ്യത്യസ്തമാണെന്ന അവകാശവാദംകൊണ്ടുമാത്രം പുതിയ ഭരണസംസ്കാരം സൃഷ്ടിക്കപ്പെടില്ല. വിയോജിപ്പുകൾ കേൾക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനും തീരുമാനങ്ങളിൽ എല്ലാവരെയും പങ്കാളികളാക്കാനുമുള്ള സന്നദ്ധതയാണ് അതിന്റെ യഥാർഥ അളവുകോൽ. ദേശീയ രാഷ്ട്രീയത്തിലും സമാനമായൊരു പ്രവണത കാണാം. നരേന്ദ്ര മോദി സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ മുൻ യു.പി.എ സർക്കാരിന്റെ വീഴ്ചകൾ പ്രതിരോധമായി ഉയർത്തുന്ന രീതി പലപ്പോഴും ഉണ്ടായിട്ടുണ്ട്. മുൻഗാമികളുടെ പിഴവുകൾ നിലവിലെ ഭരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ന്യായമല്ല. അതേ രാഷ്ട്രീയ യുക്തി കേരളത്തിലും ആവർത്തിക്കരുത്. പിണറായി സർക്കാരിന്റെ ഭരണശൈലിയുമായി താരതമ്യം ചെയ്യുന്നതിലല്ല, സ്വന്തം ഭരണത്തിന്റെ മികവ് തെളിയിക്കുന്നതിലാണ് സതീശൻ സർക്കാരിന്റെ പ്രസക്തി. മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളെ ഭരണപ്രതിസന്ധിയായി കാണേണ്ടതില്ല. മറിച്ച്, തീരുമാനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനും തെറ്റുകൾ തിരുത്താനും അത് സഹായിക്കണം. എന്നാൽ സുപ്രധാന നിയമനങ്ങളിലും നയപരമായ തീരുമാനങ്ങളിലും ബന്ധപ്പെട്ട മന്ത്രിമാരോടും മുന്നണി നേതാക്കളോടും കൂടിയാലോചിക്കുന്നത് രാഷ്ട്രീയ മര്യാദ മാത്രമല്ല; ഭരണഘടനാപരമായ കൂട്ടുത്തരവാദിത്വത്തിന്റെ രാഷ്ട്രീയ അന്തഃസത്ത കൂടിയാണ്. അടിയന്തര തീരുമാനങ്ങൾക്കുപോലും കൂട്ടായ വിശ്വാസത്തിന്റെയും വ്യക്തതയുടെയും പിന്തുണ ആവശ്യമാണ്. അധികാരത്തിന്റെ കേന്ദ്രീകരണമല്ല, ഉത്തരവാദിത്വത്തിന്റെ പങ്കുവെക്കലാണ് നല്ല ഭരണത്തിന്റെ അടയാളം. മന്ത്രിമാർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നൽകുന്നതുപോലെ അവരുടെ അഭിപ്രായങ്ങൾക്ക് തീരുമാനങ്ങളിൽ അർഹമായ പരിഗണനയും ലഭിക്കണം. വിയോജിപ്പുകളെ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രായോഗികമായി അവഗണിക്കുകയും ചെയ്യുന്ന രീതി ജനാധിപത്യമല്ല. മുൻഗാമികളുടെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനുപകരം സ്വന്തം ഭരണത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് തിരുത്താൻ കഴിയുമ്പോഴാണ് ഒരു സർക്കാർ വ്യത്യസ്തമാകുന്നത്. മന്ത്രിസഭയിലെ ഈ വിയോജിപ്പുകൾ കേവലം രാഷ്ട്രീയ ഏറ്റുമുട്ടലായി അവസാനിക്കുമോ, അതോ കൂടുതൽ കൂടിയാലോചനയും കൂട്ടുത്തരവാദിത്വവുമുള്ള ഭരണസംസ്കാരത്തിന് വഴിയൊരുക്കുമോ? അതിനുള്ള ഉത്തരമാണ് സതീശൻ സർക്കാരിന്റെ ജനാധിപത്യബോധത്തെ അടയാളപ്പെടുത്തുക.

You may also like