Home Editorialസമരത്തിനോട് അസഹിഷ്ണുതയല്ല, പരിഹാരമാണ് വേണ്ടത്

സമരത്തിനോട് അസഹിഷ്ണുതയല്ല, പരിഹാരമാണ് വേണ്ടത്

by news_desk
0 comments

സമരപ്പന്തൽ പൊളിച്ചുമാറ്റാം; പക്ഷേ സമരത്തിന്റെ കാരണങ്ങൾ ഇല്ലാതാക്കാനാവില്ല. 129 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നീളുന്ന എൽ.പി.എസ്.ടി റാങ്ക് പട്ടികാ ഉദ്യോഗാർഥികളുടെ പ്രതിഷേധം ഇപ്പോൾ സർക്കാരിന്റെ ജനാധിപത്യബോധത്തിനും ഭരണപരമായ ഉത്തരവാദിത്വത്തിനും മുന്നിൽ ഉയർത്തുന്ന വലിയ ചോദ്യമാണ്. സർക്കാർ ജോലി എന്ന പ്രതീക്ഷയിൽ റാങ്ക് പട്ടികയിൽ ഇടം നേടിയവർ മാസങ്ങളായി നീതിക്കായി കാത്തുനിൽക്കുമ്പോൾ, അവരുടെ ശബ്ദം കേൾക്കുന്നതിനുപകരം സമരപ്പന്തൽ പൊളിച്ചും സമരനായിക വളർമതിയെ അറസ്റ്റ് ചെയ്തും നേരിടുന്ന നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. പൊതുനടപ്പാതയിലെ തടസ്സങ്ങൾ നീക്കണമെന്ന ഹൈക്കോടതി ഉത്തരവും പൊതുസ്ഥലങ്ങളിലെ കൈയേറ്റം അനുവദിക്കാനാവില്ലെന്ന നിയമപരമായ നിലപാടും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ നിയമം നടപ്പാക്കുന്നതിന്റെ പേരിൽ പ്രതിഷേധാവകാശത്തെ ഇല്ലാതാക്കാനാവില്ല. പൊതുനടപ്പാതയിൽ സമരം തുടരാൻ കഴിയില്ലെങ്കിൽ മറ്റൊരിടത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സമരപ്പന്തൽ പൊളിച്ചുനീക്കിയതുകൊണ്ട് ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അപ്രസക്തമാകുന്നില്ല. മറിച്ച്, പ്രശ്നപരിഹാരമില്ലാത്തിടത്ത് ഇത്തരം നടപടികൾ പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂ. എൽ.പി.എസ്.ടി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് അർഹർക്ക് നിയമനം നൽകുക, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക, അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി നിശ്ചയിക്കുക, എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ഇതിൽ നാലു ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെന്നും ശേഷിക്കുന്ന ഒന്ന് പ്രായോഗികമല്ലെന്നുമുള്ള വിശദീകരണം ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്നാൽ അംഗീകരിച്ച ആവശ്യങ്ങളിൽ എന്ത് നടപടിയെടുത്തു, അവ എപ്പോൾ നടപ്പാക്കും എന്നതാണ് അറിയേണ്ടത്. വാഗ്ദാനങ്ങൾകൊണ്ട് മാത്രം ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് പരിഹാരമാകില്ല. ആവശ്യങ്ങൾ പരിശോധിക്കാൻ നേരത്തെ വിദ്യാഭ്യാസമന്ത്രി 45 ദിവസം സമയം ചോദിച്ചിരുന്നു. അതിനുശേഷവും വ്യക്തമായ പരിഹാരമുണ്ടാകാത്തതാണ് സമരം നീളാൻ കാരണം. സർക്കാർ അംഗീകരിച്ച ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ എന്താണ് തടസ്സം? പ്രായോഗികമല്ലെന്ന് പറയുന്ന ആവശ്യങ്ങൾക്ക് പകരം എന്ത് ബദൽ നിർദേശമാണ് മുന്നോട്ടുവയ്ക്കാനുള്ളത്? ഈ ചോദ്യങ്ങൾക്ക് സർക്കാർ കൃത്യമായ മറുപടി നൽകണം. വിദ്യാഭ്യാസവകുപ്പ്, പി.എസ്.സി, ധനവകുപ്പ് എന്നിവയെ ഉൾപ്പെടുത്തി അടിയന്തരമായി ഔദ്യോഗിക ചർച്ച നടത്തുകയാണ് വേണ്ടത്. നിലവിലുള്ള റാങ്ക് പട്ടികയിലെ ഒഴിവുകൾ, റിപ്പോർട്ട് ചെയ്ത തസ്തികകൾ, നിയമനത്തിന് തടസ്സമായി നിൽക്കുന്ന നടപടിക്രമങ്ങൾ എന്നിവയുടെ കൃത്യമായ കണക്ക് പുറത്തുവിടണം. അംഗീകരിക്കാവുന്ന ആവശ്യങ്ങളിൽ ഉടൻ ഉത്തരവിറക്കുകയും മറ്റുള്ളവയിൽ സമയബന്ധിതമായ തീരുമാനമെടുക്കുകയും വേണം. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുന്നതിന്റെ അക്കാദമികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പരിശോധിച്ച് വ്യക്തമായ നിലപാടും അറിയിക്കണം. ഒരു ജനാധിപത്യ സർക്കാരിന്റെ കരുത്ത് പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലല്ല, അവ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലാണ്. സമരക്കാരെ ക്രമസമാധാന പ്രശ്നമായി ചിത്രീകരിക്കാനും അവരുടെ ശബ്ദത്തെ ബലപ്രയോഗത്തിലൂടെ നിശ്ശബ്ദമാക്കാനും ശ്രമിക്കുന്നത് ഭരണപരമായ പരാജയത്തെ മറച്ചുവയ്ക്കില്ല. നീതിക്കുവേണ്ടി തെരുവിലിറങ്ങുന്നവരോട് അധികാരത്തിന്റെ അസഹിഷ്ണുതയല്ല വേണ്ടത്; അവരുടെ ആശങ്കകൾ കേൾക്കാനുള്ള മനസ്സാണ് വേണ്ടത്. സമരപ്പന്തൽ നീക്കുന്നതല്ല പരിഹാരം; സമരത്തിന് കാരണമായ പ്രശ്നങ്ങൾ നീക്കുന്നതാണ്. എൽ.പി.എസ്.ടി ഉദ്യോഗാർഥികൾക്ക് വ്യക്തമായ ഉറപ്പും സമയബന്ധിതമായ നടപടിയും നൽകാൻ സർക്കാർ തയ്യാറാകണം. വാക്കുകൾക്കപ്പുറം പ്രവൃത്തിയുണ്ടാകട്ടെ. ജനാധിപത്യത്തിൽ പ്രതിഷേധത്തിന് മറുപടി ലാത്തിയല്ല, നീതിയാണ്.



You may also like