Home Kerala‘അന്വേഷണവുമായി സഹകരിക്കുന്നില്ല’; പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ

‘അന്വേഷണവുമായി സഹകരിക്കുന്നില്ല’; പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ

by news_desk1
0 comments

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) ആരോപണം. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ഇക്കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും അറിയിക്കും.

കേസിൽ മൊഴി രേഖപ്പെടുത്താൻ ആദ്യം ഹാജരായ ബൈജു പിന്നീട് രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് എത്തിയില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നശേഷം തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അന്വേഷണസംഘത്തെ അറിയിച്ചത്. എന്നാൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്നും ചെയർമാന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

പിഎസ്‌സി അംഗങ്ങളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്ത ശേഷമാണ് ചെയർമാനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. കോടതി മുഖേന വീണ്ടും ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസിൽ അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥർ നിലവിൽ റിമാൻഡിലാണ്.

You may also like