ചെന്നൈ: തമിഴ്നാട്ടിലെ ആറുമാസം മാത്രം പ്രായമുള്ള ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഭരണകക്ഷി എംഎൽഎമാരെ നേരിൽ കണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്നറിയിപ്പ് നൽകി. മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന രണ്ടേമുക്കാൽ മണിക്കൂർ നീണ്ട യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരുമായും വിജയ് പ്രത്യേകം സംസാരിച്ചു. പ്രതിപക്ഷത്തിന്റെ പ്രലോഭനങ്ങളിൽ വീഴരുതെന്നും രാഷ്ട്രീയ ഭാവി തകർക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്നും നിർദേശിച്ചു.
ഡിഎംകെയും എഐഎഡിഎംകെയും ഡൽഹിയിലെ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ ഭരണപക്ഷത്തുനിന്ന് എംഎൽഎമാരെ അടർത്തിമാറ്റാൻ ശ്രമിക്കുന്നതായാണ് ടിവികെ നേതൃത്വം സൂചിപ്പിച്ചത്. സർക്കാരിന്റെ ഭൂരിപക്ഷം വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുണ്ടായേക്കാമെന്നും എംഎൽഎമാരെ അറിയിച്ചു. പണം വാങ്ങി കൂറുമാറുന്നത് വോട്ടർമാരുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും വിജയ് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ഓരോ അംഗത്തിന്റെയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ നേതൃത്വം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അധികാരമേറ്റ് നാലാം ദിവസം, മേയ് 13ന് വിജയ് സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിട്ടിരുന്നു. ആറുമാസം പിന്നിടുമ്പോൾ ഭൂരിപക്ഷം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം ജാഗ്രത ശക്തമാക്കുന്നത്. അതേസമയം, മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന രണ്ട് എംഎൽഎമാർക്കും യോഗത്തിൽ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. തുരൈയൂരിലെ താമസക്കാരനെ ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കർ മർദിച്ചെന്നതാണ് ഒരു ആരോപണം. കുടിവെള്ളം, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചെത്തിയ വ്യക്തിയായിരുന്നു പരാതിക്കാരൻ. കല്ലാക്കുറിച്ചി എംഎൽഎ സി. അരുള് വിഗ്നേഷ് ജില്ലാ കളക്ടർക്ക് അനുചിതമായ സന്ദേശം അയച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം ആരോപണം നിഷേധിച്ചു.
ആദ്യ സംഭവത്തിലെ പരാതിക്കാരൻ പിന്നീട് ആരോപണം പിൻവലിച്ചെങ്കിലും ഇതിനു പിന്നിലെ സാഹചര്യങ്ങളിൽ പ്രതിപക്ഷം സംശയം ഉന്നയിച്ചു. ഇരുവർക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് ടിവികെ നേതാക്കൾ സൂചിപ്പിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല. സർക്കാരിന്റെ നേരിയ ഭൂരിപക്ഷം കണക്കിലെടുത്ത് നടപടികളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും നേതൃത്വം വിലയിരുത്തുകയാണ്
