Home Nationalകുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരരുടെ വെടിവെപ്പ്; മൂന്ന് ജവാന്മാർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരരുടെ വെടിവെപ്പ്; മൂന്ന് ജവാന്മാർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി

by news_desk
0 comments

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ദേശീയപാത 44-ലുള്ള സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.

രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ ജവാന്മാർക്കാണ് വെടിയേറ്റത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു. എന്നാൽ വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

ബൈക്കിലെത്തിയ ഭീകരർ സിആർപിഎഫ് ബൂത്തിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. പ്രദേശത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും സ്ഥിരീകരിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള തദ്ദേശീയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭീകരരെ കണ്ടെത്തുന്നതിനായി മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേർത്തു. കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സിആർപിഎഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് ജമ്മു കശ്മീരിൽ സിആർപിഎഫിന് കൂടുതൽ സുരക്ഷാ ചുമതലകൾ നൽകിയ സാഹചര്യത്തിലാണ് പുതിയ ആക്രമണം.

അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കുകയും ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ഉന്നതതല യോഗത്തിൽ കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളും വിശദമായി വിലയിരുത്തും.

You may also like