Home Nationalദീപാവലി ആഘോഷത്തിനിടെ തർക്കം വെടിവയ്പ്പിൽ കലാശിച്ചു; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് തലയ്ക്ക് വെടിയേറ്റു

ദീപാവലി ആഘോഷത്തിനിടെ തർക്കം വെടിവയ്പ്പിൽ കലാശിച്ചു; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് തലയ്ക്ക് വെടിയേറ്റു

by news_desk1
0 comments

ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിച്ചതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന സംഭവത്തിൽ സൗരഭ് തോമർ (26) ആണ് വെടിയേറ്റത്. തലയിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

ദീപാവലി ആഘോഷിക്കാനായി അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു സൗരഭ്. സഹോദരങ്ങളായ വിനീത്, മിന്റു എന്നിവർക്കൊപ്പം വീടിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ ഗ്രാമവാസികളായ ധീരജ്, സഹോദരൻ മോനു എന്ന പ്രവീൺ എന്നിവരുമായി തർക്കമുണ്ടായി. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ധീരജ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട ആദ്യം ചുമരിൽ തട്ടിയശേഷം സൗരഭിന്റെ ചെവിക്ക് പിന്നിലായി തലയിൽ പതിച്ചു.

2021ലാണ് സൗരഭ് സൈന്യത്തിൽ ചേർന്നത്. നിലവിൽ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിൽ സേവനമനുഷ്ഠിക്കുകയാണ്.

വെടിയേറ്റ ഉടൻ സൗരഭിനെ ബറൗട്ടിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മീററ്റ് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും കുടുംബം തുടർചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ തലയിലെ വെടിയുണ്ട നീക്കം ചെയ്തു.

പിതാവ് ജനക് രാജിന്റെ പരാതിയിൽ ധീരജിനും മോനു എന്ന പ്രവീണിനുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബറൗട്ട് സർക്കിൾ ഓഫീസർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like