തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരസ്യമായി തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ക്ഷാമമില്ലെന്ന് പറയുന്നത് ജിഎൻഎ കരാർ ഒഴിവാക്കാനുള്ള ന്യായം മാത്രമാണെന്നാണ് മന്ത്രിയുടെ വിമർശനം. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മന്ത്രി കടുത്ത അതൃപ്തിയിലാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ജിഎൻഎയുമായുള്ള വൈദ്യുതി കരാർ വേണ്ടെന്നുവയ്ക്കാനുള്ള കാരണം തനിക്കറിയില്ലെന്നും ഇക്കാര്യം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന തന്റെ പ്രതികരണം സത്യമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. “സത്യമേ പറയൂ. സത്യം എവിടെയും പറയും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരാറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായുള്ള വിവരവും പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന് ആശ്വാസമായത് ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതിയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാലും മുഖ്യമന്ത്രിയും ഹിമാചൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാനും വൈദ്യുതി മന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ യോഗത്തിനുശേഷം ചെയർമാൻ എൻ. പ്രശാന്ത് മന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്കുശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചേക്കും.
