തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം സംബന്ധിച്ച ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നൽകിയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരായ വിമർശനം ആവർത്തിച്ചത്.
യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലാതാകുകയാണോ എന്ന ചോദ്യത്തിന്, ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങളൊക്കെ കൂട്ടുത്തരവാദിത്തമുള്ളതിന്റെ തെളിവാണല്ലോ എന്നായിരുന്നു പരിഹാസം. ചില അഭിപ്രായങ്ങൾ നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവയിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടുകളിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടോയെന്ന് അവരോടുതന്നെ ചോദിക്കണമെന്നും പറഞ്ഞു.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും മുഖ്യമന്ത്രിയുടെ ഇടപെടലുകളും സംബന്ധിച്ച് വിമർശനം ശക്തമാകുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം. മുന്നണിക്കുള്ളിലെ ഭിന്നതകൾ വീണ്ടും പരസ്യചർച്ചയാകുന്നതാണ് പുതിയ പ്രതികരണം.
