കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിൽ. അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിലെത്തി പ്രത്യേക അന്വേഷണസംഘം പിടികൂടി.
തട്ടിപ്പിനുശേഷം പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായി. ഇതിനിടെ പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു.
ഹിമാചൽ പ്രദേശിലും ചണ്ഡീഗഡിലും ക്യാമ്പ് ചെയ്തായിരുന്നു അന്വേഷണം. പൊലീസ് എത്തിയതിന്റെ സൂചന ലഭിച്ചതോടെ മണാലിയിലെ ഒളിത്താവളത്തിൽനിന്ന് പ്രതികൾ രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നു. എന്നാൽ പിന്തുടർന്നെത്തിയ പൊലീസ് സംഘം ഒൻപതാം തീയതി പുലർച്ചെ മൂന്നുമണിയോടെ ചണ്ഡീഗഡ് സെക്ടർ 17ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തുനിന്ന് സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും ഓപ്പറേഷനും ഏകോപിപ്പിച്ചത്. അഞ്ചാലുംമൂട് പൊലീസ് സബ് ഇൻസ്പെക്ടർ സാന്റോ പി.എ., സീനിയർ സിവിൽ പൊലീസ് ഓഫീസർ റോസി സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ വിഘ്നേഷ്, സുനിലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
