Home Nationalഅരിവില കുതിച്ചുയരുമോ? ഉൽപാദനത്തിൽ വൻ ഇടിവെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തൽ

അരിവില കുതിച്ചുയരുമോ? ഉൽപാദനത്തിൽ വൻ ഇടിവെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തൽ

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്ത് അരിവില വീണ്ടും കുതിച്ചുയരുമെന്ന ആശങ്ക ശക്തമാകുന്നു. നടപ്പു സാമ്പത്തികവർഷം അരി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2025–26 സാമ്പത്തികവർഷത്തിൽ 15.4 കോടി ടൺ അരി ഉൽപാദിപ്പിച്ചപ്പോൾ, 2026–27ൽ ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. 1950 മുതലുള്ള 76 വർഷത്തിനിടെ 19 തവണ മാത്രമാണ് രാജ്യത്ത് അരി ഉൽപാദനം കുറഞ്ഞിട്ടുള്ളത്. അവസാനമായി ഉൽപാദനത്തിൽ ഇടിവുണ്ടായത് 2015–16ലായിരുന്നു.

മഴയുടെ കുറവും ഇ–20 പെട്രോളിനായി എഥനോൾ ഉൽപാദിപ്പിക്കുന്നതും അരിയുടെ ലഭ്യതയെയും വിലയെയും ബാധിക്കുന്നുണ്ട്. കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ ശേഖരത്തിലുള്ള അരിയും എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്നുണ്ട്.

ഇതിനിടെ രാജ്യത്ത് അരിവില ഗണ്യമായി ഉയർന്നു. 2014–15ൽ കിലോയ്ക്ക് ശരാശരി 27 രൂപയായിരുന്ന വില 2024ൽ 43.95 രൂപയായി. കഴിഞ്ഞദിവസം വില 49.42 രൂപയിലെത്തി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്ന അരിയുടെ അളവിൽ കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പരിധി നിശ്ചയിച്ചു.

ഫുഡ് കോർപറേഷന്റെ മിച്ചശേഖരത്തിലുള്ള അരിയിൽനിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലീറ്ററായും കേടായ ഭക്ഷ്യധാന്യങ്ങളിൽനിന്നുള്ള ഉൽപാദനം 1.6 കോടി ലീറ്ററായും നിയന്ത്രിച്ചു. നുറുക്കരിയുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൽപാദനത്തിലെ ഇടിവും വിവിധ ആവശ്യങ്ങൾക്കായി അരി മാറ്റിവയ്ക്കുന്നതും തുടരുന്ന സാഹചര്യത്തിൽ വിപണിയിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയും ശക്തമാണ്.

You may also like