Home National‘ആശുപത്രിയിലെത്തുമ്പോൾ മകന് ശ്വാസമുണ്ടായിരുന്നു; ചികിത്സിച്ചില്ല, ഭീഷണിപ്പെടുത്തി’; പടക്കാപകടത്തിൽ മകൻ മരിച്ചതിന് സംഭവത്തിൽ അമ്മയുടെ ആരോപണം

‘ആശുപത്രിയിലെത്തുമ്പോൾ മകന് ശ്വാസമുണ്ടായിരുന്നു; ചികിത്സിച്ചില്ല, ഭീഷണിപ്പെടുത്തി’; പടക്കാപകടത്തിൽ മകൻ മരിച്ചതിന് സംഭവത്തിൽ അമ്മയുടെ ആരോപണം

by news_desk1
0 comments

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പത്തുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. ഡൽഹിയിലെ നരേലയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മകന് ശ്വാസമുണ്ടായിരുന്നെന്നും എന്നാൽ സമയബന്ധിതമായി ശരിയായ ചികിത്സ നൽകിയില്ലെന്നും അമ്മ അഞ്ജലി ആരോപിച്ചു. സംഭവത്തിൽ നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു.

മകൻ പടക്കം പൊട്ടിക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ മറ്റൊരു പടക്കം നെഞ്ചിൽ പതിക്കുകയായിരുന്നുവെന്ന് അഞ്ജലി പറഞ്ഞു. സ്ഫോടനത്തിൽ കുട്ടിയുടെ ശരീരത്തിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴും മകന് ശ്വാസമുണ്ടായിരുന്നു. എന്നാൽ അവിടെവച്ച് ആവശ്യമായ ചികിത്സ നൽകുന്നതിന് പകരം ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് ചെയ്തതെന്നാണ് അമ്മയുടെ ആരോപണം.

അതേസമയം, കുട്ടിയുടെ കൈയിലിരുന്ന് പടക്കം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.

അപകടത്തിന് കാരണമായത് ഏത് തരത്തിലുള്ള സ്ഫോടകവസ്തുവാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like