തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാലിന്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി സർക്കാർ റദ്ദാക്കി. ബാറിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവാണ് സർക്കാർ ഇടപെട്ട് റദ്ദാക്കിയത്. കമ്മീഷണർ ലൈസൻസ് അനുവദിച്ചിരുന്നെങ്കിലും സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങിയിരുന്നില്ല.
എറണാകുളത്ത് രണ്ട് ബിയർ പാർലറുകൾക്കും കോട്ടയത്ത് ഒരു ബിയർ പാർലറിനും വിദേശമദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ എക്സൈസ് മന്ത്രി കർശന നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച വിവരം പുറത്തുവന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്കാണ് ലൈസൻസ് നൽകിയിരുന്നത്.
ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് വിമാനത്താവള ലോഞ്ചുകളിൽ അനുവദിക്കുന്ന എഫ്.എൽ.7 ലൈസൻസ് സാംബശിവ റാവു അനുവദിച്ചത്. എന്നാൽ, നടപടിയിൽ സർക്കാർ എതിർപ്പ് ഉയർത്തി. ഇതോടെ ലൈസൻസ് ഉത്തരവ് റദ്ദാക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ വിവാദം ശക്തമായിരിക്കെയാണ് സിയാലിന്റെ മൂന്നാമത്തെ ബാറിനുള്ള അനുമതിയും സർക്കാർ റദ്ദാക്കിയിരിക്കുന്നത്.
