Home Keralaഅഞ്ചുവർഷം വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവുമായി നരകയാതന; ഒടുവിൽ ഉഷയ്ക്ക് വീടൊരുക്കി കെ.സി. വേണുഗോപാൽ

അഞ്ചുവർഷം വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവുമായി നരകയാതന; ഒടുവിൽ ഉഷയ്ക്ക് വീടൊരുക്കി കെ.സി. വേണുഗോപാൽ

by news_desk1
0 comments

ആലപ്പുഴ: അഞ്ചുവർഷം വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയ കത്രികയുമായി കടുത്ത വേദന സഹിച്ച് ജീവിതം തള്ളിനീക്കിയ ഉഷ ജോസഫിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് ഉഷയ്ക്ക് പുതിയ വീട് നിർമിച്ചുനൽകി. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് വീട് ഒരുക്കിയത്.

2021 മേയ് മാസത്തിലാണ് ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക പോലുള്ള ഉപകരണം വയറ്റിൽ കുടുങ്ങിയ വിവരം വർഷങ്ങൾക്കുശേഷമാണ് പുറത്തറിഞ്ഞത്. തുടർന്ന് അഞ്ചുവർഷത്തോളം കടുത്ത വേദനയും ദുരിതവും അനുഭവിച്ച ഉഷയ്ക്ക് 2026 ഫെബ്രുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉപകരണം പുറത്തെടുക്കാനായത്.

കത്രികയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന ‘മോസ്കിറ്റോ ആർട്ടറി ഫോർസെപ്സ്’ എന്ന ഉപകരണമായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥയെത്തുടർന്ന് ഇത്രയും കാലം ദുരിതം അനുഭവിക്കേണ്ടിവന്ന ഉഷയ്ക്ക്, കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെ വീടെന്ന വലിയ ആശ്വാസം കൂടി ലഭിച്ചിരിക്കുകയാണ്.

You may also like