Home Top Storiesബാർ ലൈസൻസ് വിവാദം: സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്

ബാർ ലൈസൻസ് വിവാദം: സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്

by news_desk1
0 comments

തിരുവനന്തപുരം: സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് ക്ലീൻ ചിറ്റ് നൽകി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ കൃത്യവിലോപമോ അഴിമതിയോ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇതോടെ വിഷയത്തിൽ എക്സൈസ് മന്ത്രിയുടെ നിലപാടിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

മന്ത്രിയുടെ സംശയനിഴലിലായിരുന്ന പി.എൽ. ഷിബുവിനെയും പി.കെ. സതീഷ് കുമാറിനെയുമാണ് റിപ്പോർട്ട് കുറ്റവിമുക്തരാക്കുന്നത്. ഇരുവരും നല്ല സേവനചരിത്രവും ഔദ്യോഗിക പ്രതിബദ്ധതയും പുലർത്തിയവരാണെന്നും അനധികൃത സാമ്പത്തിക നേട്ടത്തിനായുള്ള ഇടപെടലോ അധികാരദുർവിനിയോഗമോ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചട്ടങ്ങൾ പാലിച്ച് സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചതെന്നാണ് കണ്ടെത്തൽ. നിലവിലെ ആരോപണങ്ങളിൽനിന്ന് ഇരുവരെയും കുറ്റവിമുക്തരാക്കണമെന്നും അച്ചടക്കനടപടികൾ അവസാനിപ്പിച്ച് സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഉദ്യോഗസ്ഥരും ബാർ ലൈസൻസികളും ഉൾപ്പെടെ എട്ടുപേരുടെ മൊഴി രേഖപ്പെടുത്തുകയും ആറ് പ്രധാന രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എറണാകുളം ജില്ലയിലെ രണ്ട് ബാറുകൾക്കും കോട്ടയം ജില്ലയിലെ ഒരു ബാറിനും ലൈസൻസ് അനുവദിച്ചതിൽ കൃത്യവിലോപമില്ലെന്ന് നേരത്തേ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും സാംബശിവ റാവു വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയാണ് വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് വിശദമായ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചത്.

എക്സൈസ് വകുപ്പിൽനിന്ന് സാംബശിവ റാവുവിനെ മാറ്റുന്നതിന് തൊട്ടുമുമ്പാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ പൂർണമായി പിന്തുണയ്ക്കുന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. സർക്കാരിന്റെയും മന്ത്രിയുടെയും പാർട്ടിയുടെയും അറിവില്ലാതെ ലൈസൻസ് അനുവദിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും അത് സുതാര്യമല്ലെന്നും മന്ത്രിയുടെ ഭാഗത്തുനിന്ന് ആവർത്തിച്ച നിലപാടിനിടെയാണ് മുൻ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

You may also like