Home Top Stories‘എക്സൈസ് മന്ത്രിക്ക് മുകളിലും യുഡിഎഫ് സർക്കാരിന് മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ല’; ബാർ ലൈസൻസ് തടഞ്ഞതിൽ തുറന്നടിച്ച് എം. ലിജു

‘എക്സൈസ് മന്ത്രിക്ക് മുകളിലും യുഡിഎഫ് സർക്കാരിന് മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ല’; ബാർ ലൈസൻസ് തടഞ്ഞതിൽ തുറന്നടിച്ച് എം. ലിജു

by news_desk
0 comments

ആലപ്പുഴ: സംസ്ഥാനത്ത് അഴിമതിക്കെതിരെയുള്ള ഏത് നിർണ്ണായക നിലപാടുകൾക്കും തന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജോയിന്റ് എക്സൈസ് കമ്മീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഭരണപരമായ കാര്യങ്ങളും തീരുമാനിക്കുന്നത് മന്ത്രി എന്ന നിലയിൽ താൻ തന്നെയാണ്. തന്റെ താഴെയുള്ള ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ നിർവ്വഹിക്കും. എക്സൈസ് മന്ത്രിക്ക് മുകളിലോ യുഡിഎഫ് സർക്കാരിന്റെ മുകളിലോ ഒരു ഉദ്യോഗസ്ഥനും കയറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ശക്തമായി വ്യക്തമാക്കി.

കായംകുളത്തെ പ്രാദേശിക സാഹചര്യങ്ങളെല്ലാം തനിക്ക് വ്യക്തമായി അറിയാമെന്നും ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നു വന്നിട്ടുള്ള എല്ലാ കൈക്കൂലി ആരോപണങ്ങളും കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻപ് ലഭിച്ച പരാതികളിൽ നേരത്തെ തന്നെ നടപടിയെടുക്കാമായിരുന്നു. കൂടുതൽ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തെ സർക്കാർ ഇടപെട്ട് തടഞ്ഞിട്ടുണ്ടെന്നും, അതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാർ അറിയാതെ മുൻപ് ഹോർട്ടി വൈൻ ലൈസൻസ് നൽകിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ കൂട്ടത്തിൽ നിലവിലെ പുതിയ ആരോപണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ സർക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി 488 ബാറുകൾ വൈൻ പാർലറുകളാക്കി മാറ്റിനൽകിയ നടപടി അന്വേഷണ പരിധിയിൽ കൊണ്ടുവരും. ആ സമയത്ത് ഉത്തരവാദപ്പെട്ട ഉയർന്ന പദവികളിൽ ഇരുന്ന പ്രമുഖരിലേക്ക് വരെ അന്വേഷണം വ്യാപിപ്പിക്കുമെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.

You may also like