Home Top Storiesക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമായ വംശീയ അധിക്ഷേപം; ഉച്ചാരണ ശുദ്ധി പോരെന്ന് പറഞ്ഞ് ദളിത് കുട്ടിയുടെ നാക്ക് വടിപ്പിച്ചു, കേസ്

ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമായ വംശീയ അധിക്ഷേപം; ഉച്ചാരണ ശുദ്ധി പോരെന്ന് പറഞ്ഞ് ദളിത് കുട്ടിയുടെ നാക്ക് വടിപ്പിച്ചു, കേസ്

by news_desk
0 comments

തിരുവനന്തപുരം: തേവലക്കാട് എസ് എൻ യുപി സ്കൂളിൽ ആറാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയോട് അധ്യാപകൻ കാട്ടിയ ക്രൂരത പുറത്തുവന്നതോടെ വൻ പ്രതിഷേധം പുകയുന്നു. സംസാരിക്കുമ്പോൾ ഉച്ചാരണശുദ്ധി പോരെന്ന് ആരോപിച്ച് കുട്ടി സംസാരിച്ച വാക്കുകളെ പരസ്യമായി പരിഹസിക്കുകയും, മറ്റൊരു വിദ്യാർത്ഥിയെക്കൊണ്ട് ഈർക്കിൽ എടുപ്പിച്ച് ക്ലാസ് മുറിയിൽ വെച്ച് ദളിത് കുട്ടിയുടെ നാക്ക് വടിപ്പിക്കുകയുമായിരുന്നു. ക്രൂര സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ആകർഷ് എസ് എസിനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ നടുക്കുന്ന വിവരങ്ങൾ സ്കൂളിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് ഇപ്പോൾ പുറംലോകം അറിയുന്നത്. അധ്യാപകനിൽ നിന്ന് നേരിട്ട അപമാനത്തെ തുടർന്ന് കുട്ടി വിഷയം ആരോടും പറയാതെ ഉള്ളിലൊതുക്കുകയായിരുന്നു. എന്നാൽ സഹപാഠിയായ കുട്ടിയോട് അധ്യാപകൻ കാട്ടിയ ക്രൂരത കണ്ട് സങ്കടം സഹിക്കാനാവാതെ മറ്റ് കുട്ടികളാണ് വിവരം ഹെഡ്മാസ്റ്ററെയും മറ്റ് അധ്യാപകരെയും അറിയിച്ചത്.

വിവരമറിഞ്ഞിട്ടും സംഭവത്തെ ഗൗരവത്തോടെ കാണാനോ അധ്യാപകനെതിരെ നടപടിയെടുക്കാനോ സ്കൂൾ മാനേജ്‌മെന്റ് ആദ്യഘട്ടത്തിൽ തയ്യാറായില്ലെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. പിന്നീട് മാസങ്ങൾക്ക് ശേഷം സംഭവം ബാലാവകാശ കമ്മീഷന്റെയും ചൈൽഡ്‌ലൈന്റെയും മുന്നിലെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് മാനേജ്‌മെന്റ് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ നിർബന്ധിതരായത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വേറെവേറെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like