മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിൽ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 5 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മലപ്പുറം അമരമ്പലത്തെ പ്രാദേശിക കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് മലപ്പുറത്ത് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിന് പുറമെ പ്രദേശത്ത് 23-ഓളം പേർക്ക് വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടത്തിയിട്ടുണ്ട്. ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ വരാനുണ്ട്. മുൻകരുതലിന്റെ ഭാഗമായി രോഗബാധിതരുടെ വീടുകളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
കോഴിക്കോട് മേപ്പയിൽ സീനിയർ ബേസിക് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛർദ്ദിയും പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഇതേ സ്കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മുട്ടക്കറിയും തൈരും കഴിച്ച കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഭക്ഷ്യവിഷബാധയാണോ അതോ കുടിവെള്ളത്തിലൂടെയാണോ രോഗം പടർന്നതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധനകൾ വ്യാപിപ്പിച്ചു.
