Home Keralaയൂണിറ്റിന് ₹5.18; 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, കരാറിൽ ഒപ്പിടാതെ കെഎസ്ഇബി

യൂണിറ്റിന് ₹5.18; 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, കരാറിൽ ഒപ്പിടാതെ കെഎസ്ഇബി

by news_desk1
0 comments

തിരുവനന്തപുരം: യൂണിറ്റിന് വെറും 5.18 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിൽ ഒപ്പിടാതെ കെഎസ്ഇബി. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽനിന്ന് 530 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിലാണ് ബോർഡ് തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്. കരാറിൽ ഉടൻ തീരുമാനമെടുക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാൻ സാധ്യതയുള്ളപ്പോഴും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സംസ്ഥാനത്ത് തുടരുന്നതെന്ന വിമർശനവും ഉയരുന്നു.

270 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കിൽ നൽകാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന് ഉറപ്പു ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വൈദ്യുതി വാങ്ങൽ കരാറിന്റെ രേഖകളും കെഎസ്ഇബിക്ക് കൈമാറി. എന്നാൽ ബോർഡ് ഇതുവരെ തുടർനടപടി സ്വീകരിച്ചിട്ടില്ല. സിന്നാർ വൈദ്യുതിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു.

2027 ജനുവരി മുതൽ വൈദ്യുതി ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ. മാർച്ചോടെ സംസ്ഥാനത്തിന് 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്നും ഇതുവഴി കേരളത്തിന്റെ ഊർജപ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. കരാറിൽ ഒപ്പിടുന്നത് കെഎസ്ഇബിക്കും ഉപഭോക്താക്കൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കും.

നടപടി വൈകിയാൽ കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭിക്കാനുള്ള അവസരം കേരളത്തിന് നഷ്ടമായേക്കുമെന്ന ആശങ്ക ശക്തമാണ്. 25 വർഷത്തേക്ക് താരതമ്യേന കുറഞ്ഞ വിലയിൽ വൈദ്യുതി ഉറപ്പാക്കാവുന്ന കരാറിൽ കെഎസ്ഇബി എപ്പോൾ തീരുമാനമെടുക്കുമെന്നതാണ് ഇനി നിർണായകം.

You may also like