Home Kerala‘ഞാനവിടെ പോയിട്ടില്ല, ചെയ്യാത്ത കുറ്റത്തിനാണ് പ്രതിയാക്കിയത്’; അഭിറാം കൊലക്കേസിൽ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് ഉമർ

‘ഞാനവിടെ പോയിട്ടില്ല, ചെയ്യാത്ത കുറ്റത്തിനാണ് പ്രതിയാക്കിയത്’; അഭിറാം കൊലക്കേസിൽ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് ഉമർ

by news_desk1
0 comments

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് ടു വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്നും അഭിറാമിനെ അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞ ഉമർ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിയാക്കിയതെന്നും ഇയാൾ പ്രതികരിച്ചു. എന്നാൽ കേസിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമായാണ് ഈ പ്രതികരണത്തെ പൊലീസ് വിലയിരുത്തുന്നത്.

കൊലപാതകത്തിനുശേഷം അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തുടക്കംമുതൽ തെറ്റായ മൊഴികൾ നൽകിയെന്നാണ് പൊലീസിന്റെ നിഗമനം. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതി ഉമറും തുടർനടപടികൾ സ്വീകരിച്ചതെന്നും അന്വേഷണസംഘം സംശയിക്കുന്നു.

കേസിലെ നിർണായക തെളിവായ അഭിറാമിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്. കൊലപാതകത്തിനുശേഷം ഫോൺ സമീപത്തെ തോട്ടിൽ എറിഞ്ഞെന്നാണ് ഒന്നാം പ്രതിയായ 17കാരൻ ആദ്യം മൊഴി നൽകിയത്. തുടർന്ന് സ്കൂബ സംഘം തോട്ടിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. എന്നാൽ ഇന്നലെ ചോദ്യം ചെയ്തപ്പോൾ ഉമർ നൽകിയത് മറ്റൊരു മൊഴിയാണ്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കാട്ടിലാണ് ഫോൺ ഉപേക്ഷിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.

ഫോണിലൂടെ ചാറ്റ് ചെയ്ത് അഭിറാമിനെ വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിനാൽ ഫോൺ വീണ്ടെടുക്കുന്നത് കേസിൽ നിർണായകമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെടുമ്പോൾ അഭിറാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിവ എവിടെയാണെന്ന കാര്യത്തിലും പ്രതികൾ വ്യക്തമായ മൊഴി നൽകുന്നില്ല.

വിശദമായ ചോദ്യംചെയ്യലിനുശേഷം ഉമറിനെ കൊലപാതകം നടന്ന ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.

You may also like