Home Keralaവാട്ടർ അതോറിറ്റിയിൽ വൻ അഴിച്ചുപണി ഡിസംബർ 31നകം: പി.ജെ. ജോസഫിനും പദവി വേണമെന്ന് മോൻസ്

വാട്ടർ അതോറിറ്റിയിൽ വൻ അഴിച്ചുപണി ഡിസംബർ 31നകം: പി.ജെ. ജോസഫിനും പദവി വേണമെന്ന് മോൻസ്

by news_desk1
0 comments

തിരുവനന്തപുരം: കുടിവെള്ള പൈപ്പ് പൊട്ടിയാൽ അതിവേഗം അറ്റകുറ്റപ്പണി നടത്താനും ബില്ലുകളിലെ പരാതികൾക്ക് പരിഹാരം കാണാനും കേരള വാട്ടർ അതോറിറ്റിയിൽ സമഗ്ര അഴിച്ചുപണി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഡിസംബർ 31നകം പുതിയ ഭരണസംവിധാനം നിലവിൽ വരും. ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റുന്നതിനും പൈപ്പ് പൊട്ടലുകൾ ഉണ്ടായാൽ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുന്നതിനും കുടിവെള്ള വിതരണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകും. കുടിവെള്ള ബില്ലുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കും. ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പത്തനംതിട്ടയിൽ നാളെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

താളംതെറ്റിയ ജലജീവൻ മിഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. പറമ്പിക്കുളം–ആളിയാർ കരാർ പുതുക്കേണ്ട കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യുഡിഎഫിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും ഘടകകക്ഷികളുടെ അഭിപ്രായം വേഗത്തിൽ തേടണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം കേരള കോൺഗ്രസിന്റെ നിലപാടായി മുന്നണിയെ അറിയിച്ചിട്ടുണ്ട്.

യുഡിഎഫിലെ സമുന്നത നേതാവായ പി.ജെ. ജോസഫിന് അർഹമായ പദവി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുന്നണിയിൽ നേരത്തേ ധാരണയായതാണ്. അത്തരമൊരു ധാരണ നടപ്പാക്കുന്നത് നീണ്ടുപോകുന്നത് മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like