Home Top Storiesസ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി കേരളത്തിൽ മാത്രം; പ്രതിപക്ഷ വിമർശനത്തിന് മന്ത്രിയുടെ മറുപടി

സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി കേരളത്തിൽ മാത്രം; പ്രതിപക്ഷ വിമർശനത്തിന് മന്ത്രിയുടെ മറുപടി

by news_desk1
0 comments

കൊച്ചി: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടേണ്ട സാഹചര്യം കേരളത്തിൽ മാത്രമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സർക്കാർ അനുമതിക്കായുള്ള നടപടികൾ കോഴ്സുകൾ തുടങ്ങുന്നതിൽ കാലതാമസമുണ്ടാക്കുന്നുവെന്നും ഇത് അക്കാദമിക് സ്വയംഭരണത്തിന്റെ തത്വത്തിന് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സർക്കാർ അനുമതിക്ക് പകരം സർവകലാശാലയുടെ അംഗീകാരം മതിയെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്സുകളിൽ അഴിമതി നടക്കുന്നതെങ്ങനെയാണെന്ന് മന്ത്രി ചോദിച്ചു. മുമ്പ് അഴിമതി വാങ്ങി ശീലമുള്ളവർക്കാണ് ഇത്തരം സംശയങ്ങളുണ്ടാകുന്നതെന്ന പരാമർശവും അദ്ദേഹം നടത്തി. സർക്കാർ കോളജുകൾക്ക് പുതിയ തീരുമാനം ബാധകമല്ലെന്നും സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നിർബന്ധമാണെന്നും മന്ത്രി വിശദീകരിച്ചു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അക്കാദമിക് സ്വയംഭരണത്തെ അട്ടിമറിക്കാനുള്ള പിന്തിരിപ്പൻ വാദങ്ങളാണെന്നും റോജി എം. ജോൺ പറഞ്ഞു. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് കോളജുകൾക്ക് ഓട്ടോണമസ് പദവി നൽകുന്നത്. യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനമെന്നും വിദ്യാർഥികളെ കേരളത്തിൽത്തന്നെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴ്സുകൾ പുനഃക്രമീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കും. പരമ്പരാഗത കോഴ്സുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽപ്പോലും വിദ്യാർഥികൾക്ക് കൂടുതൽ താൽപര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മെറിറ്റ് സീറ്റുകളിലും സംവരണ വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയ്ഡഡ്, സ്വാശ്രയ ഓട്ടോണമസ് കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി വേണ്ടെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ കോഴ്സുകൾക്ക് എൻഒസിയും ആവശ്യമില്ല. കോഴ്സ് തുടങ്ങുന്ന വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.

You may also like