കൊച്ചി: ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ഫയൽ ചെയ്തതോടെ കേസിൽ നിർണ്ണായക തിരിവായി. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പിന്നാലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് ഇഡിയുടെ ഈ കടുത്ത നീക്കം.
മെസ്സിയെയും ടീമിനെയും എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് അയച്ച വൻ തുകയുടെ ഉറവിടം എന്താണെന്നും, മെസ്സിയുടെ പേര് മറയാക്കി വൻതോതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നും ഇഡി വിശദമായി പരിശോധിക്കും. ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം കൃത്യമായ കരാറുകളോ മാനദണ്ഡങ്ങളോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വിട്ടുനൽകിയതിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. സാധാരണഗതിയിൽ സ്റ്റേഡിയം അനുവദിക്കുമ്പോൾ ഈടായി നൽകേണ്ട 5 കോടി രൂപയുടെ കരുതൽ ധനം വാങ്ങാതെ ചട്ടങ്ങൾ ലംഘിച്ച സംഭവത്തിന് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം.
വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ച് നടന്ന ഇടപാടുകളിൽ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്ന ഇഡി, PMLA പ്രകാരം കേസെടുത്തതോടെ ആർബിസി (RBC) ഓഫീസിൽ വീണ്ടും നേരിട്ടുള്ള പരിശോധന നടത്താനും എംഡി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താനും ഒരുങ്ങുകയാണ്. മുൻപ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഓഫീസിൽ നിന്ന് യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കാൻ ആന്റോയ്ക്ക് സാധിച്ചിരുന്നില്ല. പോലീസ് കൈമാറിയ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉറവിടങ്ങൾ തേടുകയാണ് അന്വേഷണ സംഘം.
