തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ നടപടികൾ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വരും ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിന്റെ മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ചെയർമാന് വീണ്ടും സമ്മൻസ് അയച്ചിരിക്കുന്നത്.
മുൻപ് നൽകിയ നോട്ടീസിന്, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കോടതി ഉത്തരവിന് ശേഷം മാത്രമേ ഹാജരാകൂ എന്നായിരുന്നു ചെയർമാൻ മറുപടി നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതി അന്വേഷണമോ ചോദ്യം ചെയ്യലോ വിലക്കിയിട്ടില്ലെന്ന കർശന നിലപാടിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹാജരാകാൻ നോട്ടീസ് അയച്ചത്. ചെയർമാൻ ഇത്തവണയും ഹാജരായില്ലെങ്കിൽ വിവരം നേരിട്ട് ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതേസമയം, പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിൽ തനിക്ക് പങ്കില്ലെന്നും ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു എന്നുമാണ് ചോദ്യം ചെയ്യലിൽ അഡീഷണൽ സെക്രട്ടറി ആർ. ഹരി നൽകിയ മൊഴി. എന്നാൽ ഈ വാദം ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തിട്ടില്ല. പരീക്ഷയിലെ ചോദ്യങ്ങൾ തയ്യാറാക്കുന്ന പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും ചെയർമാൻ ഏകപക്ഷീയമായി തീരുമാനിച്ചതാണ് ക്രമക്കേടുകൾക്ക് വഴിവെച്ചതെന്ന് പിഎസ്സി അംഗങ്ങളും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് അംഗങ്ങളോട് കൂടിയാലോചന നടത്താതെ ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടുകയാണ് ചെയർമാന്റെ രീതിയെന്നും പിഎസ്സി സെക്രട്ടറിയും മൊഴി നൽകിയിട്ടുണ്ട്. അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാൻ ബൈജുവും ചേർന്നാണ് ക്രമവിരുദ്ധ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.
