റിയാദ്: ഗൾഫ് മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം (സൗദിവത്കരണം) കൂടുതൽ കർശനമാക്കുന്നു. ഇത് സംബന്ധിച്ച എല്ലാ നടപടികളും നവംബർ 18-നകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥാപന ഉടമകൾക്ക് അന്ത്യശാസനം നൽകി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.
കായിക മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും ആകെയുള്ള ജീവനക്കാരുടെ കുറഞ്ഞത് 15 ശതമാനം തസ്തികകളിൽ സൗദി പൗരന്മാരെ നിർബന്ധമായും നിയമിക്കണം. നാലോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ കായിക സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.
സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, വാട്ടർ സ്പോർട്സ് കോച്ച്, മാർഷ്യൽ ആർട്സ് കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, ഐസ് സ്പോർട്സ് കോച്ച് തുടങ്ങി മുൻനിരയിലെ പ്രൊഫഷണൽ തസ്തികകളിലെല്ലാം സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെന്റ് ആനുകൂല്യങ്ങളും പരിശീലനത്തിനായുള്ള ‘ഹദഫ്’ പദ്ധതിയുടെ സഹായവും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
