ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിമർശനം ശക്തമാകുന്നു. പരാജയത്തിന് ഇറാനുമായുള്ള യുദ്ധവും ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധവുമാണ് പ്രധാന കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുറന്നടിച്ചു. വാൻസിന്റെ വിലയിരുത്തലിൽ യോജിപ്പുണ്ടെന്ന് ട്രംപും സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോടെ പാർട്ടിക്കുള്ളിൽ ട്രംപിന്റെ നയങ്ങൾക്കെതിരായ അതൃപ്തി കൂടുതൽ പ്രകടമാവുകയാണ്.
2024ൽ ട്രംപിനെ പിന്തുണച്ച നിരവധി വോട്ടർമാർ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി മാറിയെന്നാണ് വാൻസിന്റെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന് പ്രധാനമായും നാല് കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള യുദ്ധം, വർധിച്ചുവരുന്ന ജീവിതച്ചെലവ്, ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തോട് നീതിപുലർത്താൻ ഭരണകൂടത്തിന് കഴിയാത്തതിലുള്ള ആശങ്ക, ഇസ്രയേലുമായുള്ള വാഷിങ്ടണിന്റെ ബന്ധത്തിലുള്ള അതൃപ്തി എന്നിവയാണ് അവ.
ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയതോടെയാണ് പാർട്ടിക്കുള്ളിലെ വിമർശനം ശക്തമായത്. പരാജയത്തിന്റെ ഉത്തരവാദിത്തം ട്രംപിനാണെന്ന് ടെക്സസിലെ റിപ്പബ്ലിക്കൻ ലോബിയിസ്റ്റായ ബിൽ മില്ലർ ആരോപിച്ചു. ഇതൊരു വലിയ ദുരന്തമാണെന്നും ഇത്തരമൊരു തിരിച്ചടി ആരും മുൻകൂട്ടി കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്രംപിന്റെ നയങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമായില്ലെന്നും ഒന്നിനു പിന്നാലെ ഒന്നായി തെറ്റായ തീരുമാനങ്ങളുണ്ടായെന്നുമായിരുന്നു മിനസോട്ടയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയ തന്ത്രജ്ഞൻ ഗ്രെഗ് പെപ്പിന്റെ വിമർശനം.
ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലം കൂടുതൽ രാഷ്ട്രീയ വെല്ലുവിളികൾ നിറഞ്ഞതാകും. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, ഒഹായോ, അയോവ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻമാരിൽനിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. മെയ്നിലും ഡെമോക്രാറ്റുകൾ നിർണായക വിജയം നേടി. പരമ്പരാഗത റിപ്പബ്ലിക്കൻ വോട്ടുബാങ്കുകളിലേക്കും ഡെമോക്രാറ്റുകൾ കടന്നുകയറിയതായാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
വിലക്കയറ്റം, ഉയർന്ന ജീവിതച്ചെലവ്, ഇറാൻ യുദ്ധം, ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ, താരിഫ് നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയായി. ട്രംപ് ഭരണത്തിന്റെ പ്രവർത്തനശൈലിയും വോട്ടർമാർക്കിടയിൽ വിമർശനത്തിന് വിധേയമായി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തെ തനിക്കെതിരായ തിരിച്ചടിയായി കാണുന്നില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. എന്നാൽ ഇറാനുമായുള്ള സംഘർഷം പാർട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിൽ സ്ഥാനാർഥികൾ പരാജയപ്പെട്ടുവെന്നും ബാലറ്റിൽ തന്റെ പേരില്ലാത്തതും തിരിച്ചടിക്ക് കാരണമായെന്നും ട്രംപ് പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ട്രംപ് തയ്യാറായിട്ടില്ലെങ്കിലും ഇറാൻ യുദ്ധവും ഭരണനയങ്ങളും പരാജയത്തിൽ പങ്കുവഹിച്ചെന്ന വാദം വൈസ് പ്രസിഡന്റ് തന്നെ ഉയർത്തിയത് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു.
