Home Internationalഏറ്റവും വലിയ ഒറ്റകക്ഷിയായി ലിക്കുഡ്; നെതന്യാഹുവിന് ഭൂരിപക്ഷമില്ല, സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

ഏറ്റവും വലിയ ഒറ്റകക്ഷിയായി ലിക്കുഡ്; നെതന്യാഹുവിന് ഭൂരിപക്ഷമില്ല, സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

by news_desk1
0 comments

ജറുസലേം: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നിലനിർത്താനുള്ള വഴികൾ സങ്കീർണമാകുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സഖ്യത്തിന് കേവലഭൂരിപക്ഷം നേടാനായില്ല. 120 അംഗ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾക്കു പകരം സഖ്യത്തിന് ലഭിച്ചത് 53 സീറ്റുകൾ മാത്രം. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റിയാണ് അന്തിമഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ലിക്കുഡ് പാർട്ടി 27 സീറ്റുകൾ നേടി. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി 21 സീറ്റുകളുമായി രണ്ടാമതെത്തി. ബിയാചദ് 12 സീറ്റുകളും ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും നേടി. ദി ഡെമോക്രാറ്റ്‌സ്, റാം പാർട്ടികൾക്ക് എട്ടു സീറ്റുകൾ വീതം ലഭിച്ചു. ഇസ്രായേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി പാർട്ടികൾ ഏഴു സീറ്റുകൾ വീതവും ഷാസ്, റിലീജിയസ് സിയോണിസം പാർട്ടികൾ ആറു സീറ്റുകൾ വീതവും നേടി.

അന്തിമ കണക്കനുസരിച്ച് നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് 53 സീറ്റും എതിർവിഭാഗത്തിന് 48 സീറ്റുമാണ് ലഭിച്ചത്. അറബ് പാർട്ടികൾ 19 സീറ്റുകൾ നേടി. ആകെ 57,16,665 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് 77.9 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള 3.25 ശതമാനം വോട്ട് വിഹിതം നേടാനാകാത്ത ചില പാർട്ടികൾക്ക് പാർലമെന്റിൽ പ്രവേശിക്കാനായില്ല. 2.7 ശതമാനം വോട്ട് നേടിയ ദി റിസർവിസ്റ്റ്സ്, 1.7 ശതമാനം നേടിയ പീപ്പിൾ ഓഫ് ഇസ്രായേൽ, 0.2 ശതമാനം നേടിയ ചരേദി പബ്ലിക് എന്നിവയാണ് പുറത്തായത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ നെതന്യാഹുവിന് മുന്നിലുള്ള വെല്ലുവിളി ഭൂരിപക്ഷമില്ലായ്മയാണ്. സർക്കാർ രൂപീകരിക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തപക്ഷം മറ്റൊരു നേതാവിന് അവസരം നൽകും. നിശ്ചിത സമയത്തിനുള്ളിൽ ആർക്കും സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും.

ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടി അറബ് പാർട്ടികളുടെ ബാഹ്യപിന്തുണയോടെ സർക്കാർ രൂപീകരിക്കുമോയെന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാണ്. എന്നാൽ അത്തരമൊരു നീക്കത്തിന് സാധ്യത കുറവാണെന്നാണ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസിന്റെ പ്രതികരണം. അറബ് പാർട്ടികളുമായി സഹകരിക്കാൻ നിലവിൽ ഡെമോക്രാറ്റ്‌സ് പാർട്ടി മാത്രമാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

അതേസമയം, പ്രതിപക്ഷത്തെ പിളർത്തി കൂടുതൽ പിന്തുണ നേടാൻ ലിക്കുഡ് പാർട്ടിക്ക് കഴിയുമോയെന്നതും നിർണായകമാണ്. നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ ലിക്കുഡുമായി സഹകരിക്കാൻ അവർ തയ്യാറാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലും കൃത്രിമവും നടന്നെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അറബ് മേഖലകളിലെ വോട്ടെടുപ്പിനെ വിദേശശക്തികൾ സ്വാധീനിക്കാൻ ശ്രമിച്ചോയെന്ന് അന്വേഷിക്കാൻ സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി സുരക്ഷാ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

You may also like