Home Editorialപ്രവാസിയുടെ കരുതലിന് വിലയിടുമ്പോൾ!

പ്രവാസിയുടെ കരുതലിന് വിലയിടുമ്പോൾ!

by news_desk
0 comments

കരുതലിന്റെ പേരിൽ കൊല്ലരുത്; പ്രവാസിയുടെ ആരോഗ്യസുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ്

പ്രവാസി കേരളത്തിന്റെ എ.ടി.എം ആണെന്ന പഴയ പരിഹാസത്തിന് സർക്കാർ തന്നെ അടിവരയിടുകയാണോ? പ്രവാസികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വർധിപ്പിച്ച നടപടി ഉയർത്തുന്ന ചോദ്യം ഇതാണ്. പ്രവാസിയെ ചേർത്തുപിടിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, പ്രതിസന്ധിയുടെ ഘട്ടത്തിൽ അവരുടെ കൈപിടിക്കുകയാണോ അതോ കൂടുതൽ ഭാരങ്ങൾ ചുമത്തുകയാണോ?. ആകർഷകമായ വാഗ്ദാനങ്ങളോടെയാണ് നോർക്ക കെയർ പദ്ധതി കഴിഞ്ഞ വർഷം ആരംഭിച്ചത്. പ്രായപരിധിയില്ല, ആദ്യ മെഡിക്കൽ പരിശോധനയില്ല, നിലവിലുള്ള രോഗങ്ങൾക്കും ആദ്യദിനം മുതൽ പരിരക്ഷ. ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. പ്രവാസികളുടെ ദീർഘകാല സുരക്ഷയ്ക്കുള്ള ആശ്വാസപദ്ധതിയെന്ന നിലയിൽ അവതരിപ്പിച്ച ഈ പ്രഖ്യാപനങ്ങളിൽ വിശ്വസിച്ചാണ് ആയിരക്കണക്കിന് കുടുംബങ്ങൾ സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിലേക്ക് മാറിയത്. ആ വിശ്വാസത്തിന് ഇപ്പോൾ നൽകേണ്ടിവരുന്ന വിലയാണ് പ്രീമിയം വർധന. പദ്ധതിയുടെ തുടർച്ചയിൽ വിശ്വാസമർപ്പിച്ച പ്രവാസികൾക്ക് പുതുക്കൽ സമയത്ത് നേരിടേണ്ടിവന്നത് കനത്ത സാമ്പത്തിക ആഘാതമാണ്. സാധാരണക്കാരായ പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും താങ്ങാനാകാത്തവിധം നിരക്ക് ഉയരുന്നുവെങ്കിൽ, പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം തന്നെ ചോദ്യം ചെയ്യപ്പെടും. ഇൻഷുറൻസ് പരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിലും ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന കാലത്തും സാമ്പത്തികശേഷിയില്ലാത്തതിനാൽ പോളിസി ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയുണ്ടായാൽ ഈ പദ്ധതിയുടെ പ്രസക്തിയെന്താണ്?. ഇൻഷുറൻസ് കമ്പനികൾക്ക് ലാഭനഷ്ട കണക്കുകളുണ്ട്. ക്ലെയിമുകളും പ്രവർത്തനച്ചെലവുകളും പരിഗണിച്ച് പ്രീമിയം പുനർനിർണയിക്കേണ്ട സാഹചര്യമുണ്ടായേക്കാം. എന്നാൽ അതിന്റെ മുഴുവൻ ഭാരവും സാധാരണക്കാരായ പ്രവാസികളുടെ ചുമലിലേക്ക് മാറ്റിവയ്ക്കുന്നതാണോ പരിഹാരം? ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക താൽപര്യങ്ങളും പ്രവാസികളുടെ ആരോഗ്യസുരക്ഷയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ? നിരക്കുവർധനയുടെ യുക്തിയും കണക്കുകളും പരസ്യപ്പെടുത്തുകയും അതിന്റെ ആഘാതം കുറയ്ക്കാനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുകയാണ് വേണ്ടത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുന്നവരിൽ പലരും ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെ ഭാവിക്കായി സമ്പാദ്യം ചെലവഴിച്ചവരാണ്. വാർധക്യത്തിലും രോഗാവസ്ഥയിലും താങ്ങാകേണ്ട ആരോഗ്യ ഇൻഷുറൻസ് അവരുടെ സാമ്പത്തികശേഷിക്ക് അതീതമാകുന്നത് ഇരട്ടപ്രഹരമാണ്. പ്രായം കൂടുന്തോറും ചികിത്സയുടെ ആവശ്യകത വർധിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ നിലനിർത്താൻ കഴിയാത്ത സാഹചര്യം സാമൂഹികനീതിയുടെ കാഴ്ചപ്പാടിലും ഗുരുതരമായ ആശങ്ക ഉയർത്തുന്നു. പ്രവാസിയുടെ ആരോഗ്യം കേവലം വരവുചെലവു കണക്കിലെ ഒരു ഇനമല്ല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കുടുംബങ്ങളുടെ നിലനിൽപ്പിനും പ്രവാസികൾ നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. അവരുടെ അധ്വാനത്തിന്റെ ഫലം നാട്ടിലെത്തുമ്പോൾ സ്വീകരിക്കുകയും പ്രതിസന്ധികളിൽ അവരെ കൈവിടുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രവാസികളെ ചേർത്തുപിടിക്കുന്നു എന്ന സർക്കാർ അവകാശവാദം പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്; അത് നയങ്ങളിലും നടപടികളിലും പ്രതിഫലിക്കണം. നോർക്ക കെയർ പദ്ധതി നിലനിൽക്കണം. അതോടൊപ്പം, അർഹരായ പ്രവാസികൾക്ക് അത് താങ്ങാവുന്ന നിരക്കിൽ ലഭ്യമാകുകയും വേണം. പ്രീമിയം വർധനയുടെ അടിസ്ഥാനവും ഇൻഷുറൻസ് കമ്പനികളുമായുള്ള കരാറിലെ വ്യവസ്ഥകളും സർക്കാർ വിശദീകരിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രായമായവർക്കും പ്രത്യേക സബ്സിഡിയോ ഘട്ടംഘട്ടമായ നിരക്കുവർധനയോ ഉൾപ്പെടെയുള്ള പരിഹാരങ്ങൾ പരിഗണിക്കണം. നിലവിലുള്ള പോളിസികൾ ഉപേക്ഷിച്ച് പദ്ധതിയിലേക്ക് മാറിയവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും സർക്കാർ ഇടപെടണം. പ്രവാസിയുടെ പണം കേരളത്തിന് വിലപ്പെട്ടതാണെങ്കിൽ, പ്രവാസിയുടെ ജീവിതത്തിനും അതേ വില നൽകണം. അവരുടെ വിയർപ്പിന് കണക്കുപറയുന്ന നാടിന് അവരുടെ കണ്ണീരിനോടും ഉത്തരവാദിത്വമുണ്ട്. ഇൻഷുറൻസ് ഒരു ആഡംബരമല്ല; രോഗവും പ്രായവും സാമ്പത്തികപ്രതിസന്ധിയും ഒരുമിച്ചെത്തുമ്പോൾ മനുഷ്യന് താങ്ങാകേണ്ട സുരക്ഷയാണ്. ആ സുരക്ഷ താങ്ങാനാവാത്ത വിലയ്ക്ക് മാത്രം ലഭ്യമാകുന്നുവെങ്കിൽ, അത് കരുതൽ പദ്ധതിയല്ല-കരുതലിന്റെ പേരിലുള്ള നിരാശയാണ്. പ്രവാസിയെ വരുമാനസ്രോതസ്സായി മാത്രം കാണുന്ന സമീപനം സർക്കാർ തിരുത്തണം. പ്രീമിയം വർധന പുനഃപരിശോധിച്ച് താങ്ങാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കണം. പ്രവാസിയുടെ അധ്വാനത്തിന് കേരളം കടപ്പെട്ടിരിക്കുന്നുവെങ്കിൽ, അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക ഔദാര്യമല്ല; സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

You may also like