തിരുവനന്തപുരം: ബാറുകളിലെത്തുന്നവർക്ക് മദ്യം നൽകുന്നതിന് മുമ്പ് ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജുവിന്റെ കർശന നിർദേശം. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധിയായ 23 വയസ്സ് കർശനമായി പാലിക്കണമെന്നും സംസ്ഥാനത്തെ ബാർ ലൈസൻസുകാർക്ക് മന്ത്രി നിർദേശം നൽകി.
ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ലൈസൻസുകാരുടെ ഉത്തരവാദിത്തമാണ്. പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം നൽകാവൂ. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഉൾപ്പെട്ട വാഹനാപകടത്തിൽ പ്രായപരിധി പാലിക്കുന്നതിലുണ്ടായ വീഴ്ചയും ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽനിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ നയമെന്നും എം. ലിജു കൂട്ടിച്ചേർത്തു.
