Home Top Stories‘നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; പ്രസ്താവന തിരുത്തി മാപ്പ് പറയണം’; നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വീണാ ജോർജ്

‘നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; പ്രസ്താവന തിരുത്തി മാപ്പ് പറയണം’; നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വീണാ ജോർജ്

by news_desk1
0 comments

തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന സംശയം നിയമസഭയിൽ ഉന്നയിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയുടെ മറുപടി തെറ്റാണെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോപിച്ച വീണ, പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ഇത്രയും ഗൗരവവും സൂക്ഷ്മതയും ആവശ്യമായ വിഷയത്തിൽ മന്ത്രി എങ്ങനെയാണ് ഇത്തരമൊരു മറുപടി നൽകിയതെന്ന് അമ്പരപ്പുണ്ടാക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു. നിപ രോഗികൾക്ക് നൽകിയ ചികിത്സയുടെയും മരുന്നുകളുടെയും കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ നൽകി, എങ്ങനെയായിരുന്നു ചികിത്സ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മരുന്നിന്റെ കാലാവധി തീയതി പാക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീണ ചൂണ്ടിക്കാട്ടി. വിദേശത്തുനിന്ന് മരുന്ന് വാങ്ങിയെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തെയും അവർ ചോദ്യം ചെയ്തു. ഇത്തവണ മരുന്ന് വാങ്ങിയത് ബഹ്റൈനിൽനിന്നാണെന്നും ബഹ്റൈൻ വിദേശരാജ്യമല്ലേയെന്നും അവർ ചോദിച്ചു.

എത്ര പേർ മരിച്ചുവെന്നറിയില്ലെന്ന തരത്തിൽ മന്ത്രി സഭയിൽ മറുപടി നൽകിയതും അംഗീകരിക്കാനാകില്ലെന്ന് വീണ പറഞ്ഞു. വിഷയം പെട്ടെന്ന് സഭയിൽ ഉയർന്നുവന്നതല്ല. മാത്യു കുഴൽനാടൻ ചോദ്യം ഉന്നയിക്കുമെന്ന് അറിയാമായിരുന്നിട്ടും മറുപടി തയ്യാറാക്കാൻ മന്ത്രിക്ക് സമയം ലഭിച്ചിരുന്നു. അട്ടപ്പാടിയിലെ നവജാതശിശു മരണങ്ങളും ആരോഗ്യവകുപ്പിലെ മറ്റ് പ്രശ്നങ്ങളും മറച്ചുവെക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും ജനങ്ങളിൽ ഭയമുണ്ടാക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും വീണ ആരോപിച്ചു.

നിപ ബാധിതരായ ആകെ അഞ്ച് പേർക്കാണ് മരുന്ന് നൽകിയതെന്നും മരുന്ന് സ്വീകരിച്ചവരെല്ലാം ഇപ്പോൾ ജീവനോടെയുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. നിപയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണെങ്കിലും കേരളത്തിൽ അത് കുറയ്ക്കാൻ സാധിച്ചു. നൽകിയ മരുന്ന് ഫലപ്രദമായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

2023 ജൂലൈയിൽ മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നെങ്കിൽ അതിനുശേഷം അതിന്റെ നീക്കം സാധ്യമാകില്ലെന്നും വീണ വിശദീകരിച്ചു. ഒരു ഗോഡൗണിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മരുന്ന് മാറ്റണമെങ്കിൽ ബന്ധപ്പെട്ട പോർട്ടലിൽ രേഖകൾ പുതുക്കണം. കാലാവധി കഴിഞ്ഞ മരുന്നാണെങ്കിൽ പോർട്ടൽ ലോക്കാകുമെന്നും അതോടെ നീക്കം തടസ്സപ്പെടുമെന്നും അവർ പറഞ്ഞു.

അതേസമയം, 2023, 2024, 2025 വർഷങ്ങളിൽ നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടോയെന്ന സംശയം ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഈ കാലയളവിൽ മരുന്ന് ലഭിച്ച രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയതായും ആറ് നിപ മരണങ്ങൾ കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡിനെയും നിയോഗിച്ചു.

എന്നാൽ, നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം ആരോഗ്യവിദഗ്ധർ തള്ളി. 2023 മുതൽ 2025 വരെ നിപ ബാധിച്ച് മരിച്ച ആറുപേർക്കും റെംഡെസിവിർ നൽകിയിരുന്നില്ലെന്ന് ഡോ. അനൂപ് കുമാർ എ.എസ്. വ്യക്തമാക്കി. മരുന്ന് നൽകിയ ഏഴ് പേർക്കും രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

You may also like