Home Top Storiesആശുപത്രിക്കുള്ളിലും സംഘർഷം; SFI നേതാക്കളെ മർദിച്ചെന്ന പരാതിയിൽ എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്

ആശുപത്രിക്കുള്ളിലും സംഘർഷം; SFI നേതാക്കളെ മർദിച്ചെന്ന പരാതിയിൽ എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്

by news_desk1
0 comments

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ എസ്‌എഫ്‌ഐ നേതാക്കളെ മർദിച്ചെന്ന പരാതിയിൽ എട്ട് എംഎസ്എഫ് പ്രവർത്തകർക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതരുടെ പരാതിയിലും പൊലീസ് പ്രത്യേക കേസെടുത്തിട്ടുണ്ട്.

എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ. ആദിൽ, പ്രസിഡന്റ് സജിൻ എന്നിവർക്കാണ് മർദനമേറ്റത്. മുഖം മറച്ചെത്തിയ സംഘം തടിക്കഷ്ണങ്ങളും ഇരുമ്പുവടികളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഫയർ എക്സ്റ്റിങ്വിഷർ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വധശ്രമം, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, മാരകായുധങ്ങളുമായുള്ള ആക്രമണം, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ എന്നിവ ഉപയോഗിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും ഇടതുകൈത്തണ്ടയ്ക്കും തലയ്ക്കും പരിക്കേറ്റു. ജില്ലാ പ്രസിഡന്റിന് ഇടത് കണ്ണിന് താഴെയും ഇടതുകൈത്തണ്ടയിലും പരിക്കേറ്റതായും എഫ്‌ഐആറിൽ പറയുന്നു. ആക്രമണം തടയാൻ ശ്രമിച്ച ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഫിലിനും ജിവിനും മർദനമേറ്റതായും പരാതിയിലുണ്ട്.

അതേസമയം, എസ്‌എഫ്‌ഐയാണ് ആക്രമണം നടത്തിയതെന്നാണ് എംഎസ്എഫിന്റെ ആരോപണം. ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ഉപകരണങ്ങൾ നശിപ്പിച്ചെന്നും കാഷ്വാലിറ്റിയിൽ ചികിത്സയിലുണ്ടായിരുന്ന യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ പരാതി നൽകിയത്. ആരോഗ്യപ്രവർത്തകരെ ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് ലഹളയുണ്ടാക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഈ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നാലംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കകം വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

You may also like