Home Keralaആഭ്യന്തരവകുപ്പ് നടത്തുന്ന പുനരന്വേഷണങ്ങൾ ; വിമർശനവുമായി പോലീസ് അസോസിയേഷൻ

ആഭ്യന്തരവകുപ്പ് നടത്തുന്ന പുനരന്വേഷണങ്ങൾ ; വിമർശനവുമായി പോലീസ് അസോസിയേഷൻ

by news_desk1
0 comments

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കുമെതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മുൻപ് അംഗീകരിക്കപ്പെട്ട പോലീസ് നടപടികളെ കാലം മാറുമ്പോൾ തെറ്റായി വ്യാഖ്യാനിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്നും ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

മുൻ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ നടത്തിയ രക്ഷാപ്രവർത്തനവും കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇപ്പോൾ തുടരന്വേഷണം നടക്കുന്നതാണ് സംഘടനയുടെ വിമർശനത്തിന് ആധാരം. പഴയ നടപടികളെ പുതിയ സാഹചര്യങ്ങളിൽ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത ഗൗരവമായി കാണണമെന്നും പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതിനിടെ, നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ 120 ദിവസം കൂടി നീട്ടി. മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് നടപടി.

കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി ഉണ്ടായത്.

ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. കേസിലെ ആരോപണങ്ങളും പുനരന്വേഷണങ്ങളും പോലീസ് സേനയ്ക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് അസോസിയേഷന്റെ വിമർശനം.

You may also like