കോഴിക്കോട്: കോർപറേഷനിലെ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയ വിവാദം യുഡിഎഫിൽ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ മുസ്‌ലിം ലീഗ് കൗൺസിലറാണെന്ന ആരോപണം ഉയർന്നെങ്കിലും, യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിലെ അന്വേഷണത്തിൽ കോൺഗ്രസിലെ ഉന്നത നേതാവിന് പങ്കുണ്ടെന്നാണ് കണ്ടെത്തലെന്നാണ് റിപ്പോർട്ട്. യുഡിഎഫിനുള്ളിലെ തർക്കം മുതലെടുത്ത് കോർപറേഷൻ ഭരിക്കുന്ന എൽഡിഎഫും വിവാദം ശക്തമാക്കി.
എൻജിഒ അസോസിയേഷൻ അംഗം കൂടിയായ സൂപ്രണ്ട് എം.എൽ.എൽ. റിച്ചാർഡിനെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോർപറേഷനിൽനിന്ന് കൊയിലാണ്ടി നഗരസഭയിലേക്ക് സ്ഥലംമാറ്റിയത്. കോർപറേഷൻ കെട്ടിടങ്ങളിൽ വാടക കുടിശ്ശിക വരുത്തിയവർക്കു നോട്ടീസ് നൽകുകയും കുടിശ്ശികയുള്ള ഒരു കട അടപ്പിക്കുകയും ചെയ്തിരുന്നു. ഈ കട മുസ്‌ലിം ലീഗ് കൗൺസിലറുടെ സഹോദരന്റേതാണെന്നതാണ് വിവാദത്തിന് ആധാരം. ഇതോടെ സ്ഥലമാറ്റത്തിന് പിന്നിൽ ലീഗ് കൗൺസിലറാണെന്ന ആരോപണം ഉയർന്നു.
സ്ഥലംമാറ്റത്തിനെതിരെ സിപിഎമ്മും കോൺഗ്രസും എൻജിഒ അസോസിയേഷനും രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി. ലീഗ് കൗൺസിലർക്കെതിരായ ആരോപണങ്ങൾ ശക്തമായതിനു പിന്നാലെയാണ് യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം ചേർന്ന് വിഷയം പരിശോധിച്ചത്. സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തിനു പിന്നിൽ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമായ ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് കോൺഗ്രസിലെ ഉന്നത നേതാവ് ഇടപെട്ടതായാണ് യോഗത്തിലെ അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് വിവരം. ബന്ധപ്പെട്ട നേതാവ് ഇക്കാര്യം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലീഗ് കൗൺസിലർക്കെതിരെ പ്രചാരണം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. വിഷയത്തിൽ തദ്ദേശഭരണ മന്ത്രിക്ക് പരാതി നൽകാനും യോഗത്തിൽ തീരുമാനമായി. കോർപറേഷനിലെ സ്ഥലംമാറ്റങ്ങൾ യുഡിഎഫ് കൗൺസിൽ പാർട്ടിയുടെ അറിവില്ലാതെ നടത്തരുതെന്ന ആവശ്യവും മന്ത്രിക്കു മുന്നിൽ ഉന്നയിക്കും.
സ്ഥലംമാറ്റ വിവാദം ലീഗ് കൗൺസിലറെ കേന്ദ്രീകരിച്ചുള്ള ആരോപണത്തിൽനിന്ന് കോൺഗ്രസ് നേതാവിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് മാറിയതോടെ കോഴിക്കോട് കോർപറേഷനിലെ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുകയാണ്.
