Home Keralaകേരളത്തിന് 70 വയസ്; മുതിർന്നവർക്ക് ലിറ്റർ വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്

കേരളത്തിന് 70 വയസ്; മുതിർന്നവർക്ക് ലിറ്റർ വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്

by news_desk1
0 comments

തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. 70 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ് ലഭിക്കും. മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചില ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നു മുതൽ ഏഴു വരെയാണ് പ്രധാന ഓഫറുകൾ.

ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും. പരമാവധി ചില്ലറവിൽപ്പന വിലയിൽനിന്ന് 70 രൂപ കുറച്ചാണ് ഈ നിരക്ക്. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് നവംബർ ഒന്നു മുതൽ ഏഴു വരെ ഇളവ് നൽകുന്നത്.

ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്കും ഏഴു ശതമാനം വിലക്കുറവുണ്ട്. ഈ ഓഫർ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. കേരളപ്പിറവിയുടെ മധുരം വീടുകളിലെത്തിക്കാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്നു മുതൽ 30 വരെ 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേയാണ് ഈ ആനുകൂല്യങ്ങൾ.

സ്വന്തം ബ്രാൻഡായ ശബരിയുടെ ഉൽപ്പന്നനിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൈദയും റവയും പുതിയതായി വിപണിയിലെത്തിക്കും. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയും പുതുക്കിയ ബ്രാൻഡഡ് പാക്കിങ്ങിൽ വീണ്ടും അവതരിപ്പിക്കും.

പുതിയ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങിൽ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും.

You may also like