കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ ജഡ്ജിക്ക് താൽക്കാലിക ആശ്വാസം. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്ന് ചോദിച്ച കോടതി, അദ്ദേഹം ജുഡീഷ്യൽ ഓഫീസറല്ലേയെന്നും നിരീക്ഷിച്ചു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തു.
ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായി എതിർത്തു. കേസിൽ നീതി ലഭിച്ചില്ലെന്നും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാണ് ജഡ്ജി ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു. ജഡ്ജി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥനായതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും കേസിൽനിന്ന് ഒഴിവാകാൻ വിവിധ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ജയബാലകൃഷ്ണന്റെ ബന്ധു പ്രതികരിച്ചു.
മകൻ കാർ എടുത്ത് പുറത്തുപോയത് അറിഞ്ഞിരുന്നില്ലെന്നും വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നുമാണ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. വാഹനത്തിന്റെ ഉടമയാണ് എന്ന കാരണത്താൽ മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിന് താൽക്കാലിക വിലക്ക് ലഭിച്ചെങ്കിലും അന്വേഷണം തുടരും.
