വെള്ളരിക്കുണ്ട്: കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിൽനിന്ന് വെടിയേറ്റ് ഗൃഹനാഥന് ഗുരുതര പരുക്ക്. വെസ്റ്റ് എളേരി പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56)ക്കാണ് ഇടതുകാലിൽ വെടിയേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെജിയുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കമുകിന് വളമിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുറ്റിക്കാട്ടിലെ കരിയിലകൾക്കിടയിൽ ഒളിപ്പിച്ചുവച്ച തോക്കിൽനിന്നാണ് വെടിയേറ്റത്. കാട്ടുപന്നിയെ പിടിക്കാൻ നായാട്ടുസംഘം റെജിയുടെ പറമ്പിൽ കെണിയൊരുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ചിയുമായി ബന്ധിപ്പിച്ച കയറിൽ ആരെങ്കിലും തട്ടിയാൽ വെടിപൊട്ടുന്ന രീതിയിലാണ് തോക്ക് ഒരുക്കിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈസൻസുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
