Home Keralaപാലക്കാട് ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അമ്മയുടെ കാമുകനും കസ്റ്റഡിയിൽ

പാലക്കാട് ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അമ്മയുടെ കാമുകനും കസ്റ്റഡിയിൽ

by news_desk1
0 comments

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് പിടിയിലായത്.

സെപ്റ്റംബർ 29നാണ് അഞ്ചുവയസ്സുകാരി ജെനിഫറിനെയും മൂന്നുവയസ്സുകാരനായ സഹോദരൻ റോബിനെയും വീടിനു മുന്നിലെ കുളിമുറിയിലുള്ള സിമന്റ് വെള്ളടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് ജോൺകുമാർ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടക്കത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തി. ഇതിനു പിന്നാലെയാണ് നിവേദ്യ കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോർട്ട്.

കുട്ടികൾ ജോലിക്ക് പോകുന്നതിന് തടസ്സമാണെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതത്തിന് അവർ തടസ്സമാകുന്നുവെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മോഡലിങ്ങിലേക്ക് കടക്കാനാണ് താൽപര്യമെന്നും ഇവർ വെളിപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് ഏകദേശം ഒരു മാസത്തിനു ശേഷമാണ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിന്റെ പങ്ക് പുറത്തുവന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

You may also like