തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പേരിൽ സരളമെങ്കിലും ബിൽ നടപ്പിലായാൽ കേരളത്തിന് കരാളമായി മാറുമെന്നും തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ബില്ലിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും പിണറായി വ്യക്തമാക്കി.
ബില്ലിലൂടെ നിർണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥ സമിതിക്ക് കൈമാറുകയാണെന്നാണ് പിണറായി വിജയന്റെ വിമർശനം. ത്രിതല സമിതിയാണോ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന ചോദ്യം നിയമസഭയിൽ ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ സമിതിക്ക് അധികാരം നൽകുന്നതിലൂടെ നെൽവയലുകൾ ഭൂമാഫിയകൾക്ക് കൈമാറുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിന്റെ ഓരോ മേഖലയെയും സർക്കാർ തകർക്കുകയാണെന്നും പിണറായി ആരോപിച്ചു. തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങൾക്കു പിന്നാലെ ഇപ്പോൾ തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും ബാധിക്കുന്ന നീക്കങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെക്കുറിച്ചുള്ള നിയമസഭാ ചർച്ചയ്ക്കിടെ സ്പീക്കർ തന്നെ തീരുമാനമെടുക്കുന്ന സമിതിയുടെ അധികാരത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചെന്നും പിണറായി വ്യക്തമാക്കി.
ബില്ലിനെതിരെ സംസ്ഥാനത്ത് കൂടുതൽ ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർന്നുവരുമെന്നാണ് പിണറായി വിജയന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ പ്രകൃതിസമ്പത്തും നാടിന്റെ തനിമയും തകർക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
