തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട ഹൈടെൻഷൻ വൈദ്യുതി ഉപയോക്താക്കളിൽനിന്ന് 3,696.68 കോടി രൂപയുടെ കുടിശിക ആറുമാസത്തിനകം ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദീർഘകാലമായി കുടിശിക പിരിച്ചെടുക്കുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവും പൊതുപ്രവർത്തകനുമായ മണ്ണടി പുഷ്പാകരൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. ജസ്റ്റിസ് എൻ. അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് വി. ഷിർസിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.
ദീർഘകാലമായി ലഭിക്കാനുള്ള കുടിശിക ഫലപ്രദമായി പിരിച്ചെടുക്കുന്നത് കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബോർഡിന് ലഭിക്കേണ്ട തുക ഈടാക്കുന്നതിൽ വീഴ്ച വരുത്തുന്നത് പരാതിക്കാരനും പൊതുജനങ്ങൾക്കും വലിയ അനീതിയും ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജിക്കാരനുവേണ്ടി അഡ്വ. സത്യൻ ശശിയും പവർ സെക്രട്ടറിക്കുവേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. കല്ലറ എൻ. അനിൽകുമാറും കെഎസ്ഇബിക്കുവേണ്ടി അഡ്വ. വിതുര ഗോപകുമാറും ഹാജരായി.
