കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ നിർണായക പരിശോധനയുമായി അന്വേഷണസംഘം. കാർ കമ്പനി സാങ്കേതിക വിദഗ്ധർ ഡൽഹിയിൽനിന്നെത്തി വാഹനം പരിശോധിച്ചു. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. കുറ്റപത്രം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒക്ടോബർ 11ന് പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
വാഹനമോടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും കാർ അമിതവേഗത്തിലായിരുന്നുവെന്നും പൊലീസും പ്രോസിക്യൂഷനും കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ എറണാകുളം സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അപകടമുണ്ടായ വിമാനത്താവള റോഡിൽ മോട്ടോർ വാഹനവകുപ്പും വീണ്ടും പരിശോധന നടത്തി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന.
