തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം അസാധാരണമായ രീതിയിൽ വൈദ്യുതി ഉപയോഗം വർധിച്ചതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടലുകൾ തുടരുകയാണെന്നും കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളി. ഹിമാചൽ പ്രദേശിൽനിന്ന് കൂടുതൽ അളവിൽ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണനയിലുണ്ട്. പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചീഫ് സെക്രട്ടറിയുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിരിക്കുന്നത്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയതലത്തിൽ വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, നവംബറിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സമയബന്ധിതമായി തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ അവിടെനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
നിലവിൽ പീക്ക് സമയത്ത് 738 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ട്. ഈ സമയത്ത് അധിക വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ തലത്തിലും ശ്രമം നടക്കുകയാണ്. തത്സമയ വിപണിയിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നേക്കും. ഇതോടെ നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിങ്ങിനുള്ള സാധ്യതയും നിലനിൽക്കുന്നു.
