Home Internationalപഴം വാങ്ങാൻ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണോ? ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പിനെതിരെ ബഹ്‌റൈൻ മുന്നറിയിപ്പ്

പഴം വാങ്ങാൻ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണോ? ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പിനെതിരെ ബഹ്‌റൈൻ മുന്നറിയിപ്പ്

by news_desk1
0 comments

മനാമ: ഓൺലൈനിൽ പഴവർഗങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കുക. പണമടയ്ക്കാനുള്ള ലിങ്കിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന പുതിയ രീതിക്കെതിരെ ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. വിശ്വസനീയമെന്ന് തോന്നിക്കുന്ന വിൽപ്പന പരസ്യങ്ങൾക്കു പിന്നിൽ സാമ്പത്തിക തട്ടിപ്പുകാരുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയാണ് പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയത്. ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനും പണമടയ്ക്കാനുമായി വിൽപ്പനക്കാർ അയക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ പ്രവേശിച്ച് ബാങ്ക് വിവരങ്ങൾ നൽകരുതെന്ന് അധികൃതർ നിർദേശിച്ചു.

ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന പേരിൽ ഓൺലൈൻ പരസ്യങ്ങൾ നൽകുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് പണമടയ്ക്കാനുള്ള ലിങ്കുകൾ അയച്ച് ഉപഭോക്താക്കളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കും. അവിടെ ബാങ്ക് കാർഡ് നമ്പർ, കാലാവധി, സുരക്ഷാ കോഡ് എന്നിവ ശേഖരിച്ചശേഷം അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ബാങ്ക് വിവരങ്ങൾ നൽകാനുള്ള സൗകര്യമുണ്ടെന്നതുകൊണ്ടുമാത്രം ഒരു വെബ്‌സൈറ്റ് സുരക്ഷിതമാണെന്ന് കരുതരുതെന്ന് അധികൃതർ വ്യക്തമാക്കി. വിൽപ്പനക്കാരൻ നൽകുന്ന ലിങ്കിൽ മാത്രം വിശ്വസിക്കാതെ, സ്ഥാപനത്തിന്റെയും വെബ്‌സൈറ്റിന്റെയും ആധികാരികത സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പാക്കണം. ബാങ്കിൽനിന്ന് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) ഒരു കാരണവശാലും വിൽപ്പനക്കാരുമായി പങ്കുവെക്കരുത്.

പണമിടപാട് സ്ഥിരീകരിക്കുന്നതിന് മുമ്പ് ബാങ്കിൽനിന്നുള്ള സന്ദേശത്തിലെ തുകയും മറ്റ് വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്. സംശയാസ്പദമായ ലിങ്കിൽ കാർഡ് വിവരങ്ങൾ നൽകിയതായി തോന്നിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് തടയണം. പരാതി നൽകേണ്ട സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായി ബന്ധപ്പെട്ട സംഭാഷണങ്ങളും സംശയകരമായ ലിങ്കുകളും സൂക്ഷിച്ചുവെക്കണമെന്നും അധികൃതർ അറിയിച്ചു.

You may also like