വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിന് പിന്നാലെ, അമേരിക്ക ആക്രമിച്ചാൽ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടയിലാണ് ഇരുരാജ്യങ്ങളുടെയും പരസ്യമായ മുന്നറിയിപ്പുകൾ.
മുൻപ് നടത്തിയ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ വഴി ഇറാന്റെ ആണവശേഷിയും സാമ്പത്തിക ഭദ്രതയും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. യുദ്ധം ഉടൻതന്നെ കരാറിലൂടെയോ സൈനിക നടപടിയിലൂടെയോ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അമേരിക്കയുടെ നയതന്ത്ര പ്രതിനിധി ടോം ബാരക് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ, ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ ആക്രമണമുണ്ടായേക്കാമെന്ന് സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ പുതിയ സൈനിക നീക്കത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി.
അമേരിക്ക ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണമുണ്ടായാൽ പിന്നീട് യാതൊരു ‘റെഡ് ലൈനുകളും’ ഉണ്ടാകില്ലെന്നും കടലിനടിയിലെ കേബിളുകൾ മുതൽ രഹസ്യ സൈനിക താവളങ്ങൾ വരെ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
“അമേരിക്ക തീപ്പൊരി കൊണ്ട് കളിക്കരുത്” എന്ന കടുത്ത സന്ദേശവും ഇറാൻ കൈമാറി.
