കണ്ണൂർ: പി.പി. ദിവ്യയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും തങ്ങളുടെ കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണം തെളിയിച്ചാൽ കെഎസ്യുവിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നും കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫ്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേടുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വഴിവിട്ട് ഒരു കരാറും നേടിയിട്ടില്ലെന്നും ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
പി.പി. ദിവ്യയുടെ ബിനാമി കമ്പനിയല്ല കാർട്ടൺ ഇന്ത്യയെന്നും ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ലെന്നും ആസിഫ് വ്യക്തമാക്കി. താൻ ആർക്കും പണമോ സമ്മാനങ്ങളോ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണം തെളിയിച്ചാൽ നേരത്തേ പ്രഖ്യാപിച്ചതുപോലെ കെഎസ്യുവിന് ഒരു കോടി രൂപ നൽകുമെന്നും ആസിഫ് ആവർത്തിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യയുടെ ഇടപെടലിൽ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യയ്ക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിയുടെ ഉടമസ്ഥതയും കരാർ അനുവദിച്ചതിലെ നടപടിക്രമങ്ങളും സംബന്ധിച്ച് പരാതിയിൽ ആരോപണങ്ങളുണ്ട്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് പരിശോധിക്കുമെന്നാണ് വിവരം.
