Home Keralaകരിപ്പൂർ തട്ടിക്കൊണ്ടുപോകൽ നാടകത്തിൽ നിർണായക ട്വിസ്റ്റ്; ഭർത്താവിന് പങ്കില്ല, ആസൂത്രണം യുവതിയും സുഹൃത്തും ചേർന്ന്

കരിപ്പൂർ തട്ടിക്കൊണ്ടുപോകൽ നാടകത്തിൽ നിർണായക ട്വിസ്റ്റ്; ഭർത്താവിന് പങ്കില്ല, ആസൂത്രണം യുവതിയും സുഹൃത്തും ചേർന്ന്

by news_desk1
0 comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്ന സംഭവത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്. സ്വർണക്കടത്തും തട്ടിക്കൊണ്ടുപോകൽ നാടകവും ആസൂത്രണം ചെയ്തത് യുവതി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒപ്പം കാറിലുണ്ടായിരുന്ന ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്നും സ്വർണക്കടത്ത് നടന്ന വിവരം പോലും ഇയാൾ അറിഞ്ഞിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.

ദുബായിൽനിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽനിന്ന് ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. സ്വർണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് സംശയിച്ച പൊലീസ് സംഘം കാർ പിന്തുടർന്നു. സിനിമയെ വെല്ലുന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ച് വാഹനം തടഞ്ഞ പൊലീസ് പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു.

തുടർന്ന് പ്രിയങ്കയെയും പിടിയിലായവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ ആസൂത്രണം പുറത്തുവന്നത്. സ്വർണവുമായി എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രിയങ്കയും നാട്ടുകാരനും സുഹൃത്തുമായ ശ്രീലാലും ചേർന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും ഗൂഢാലോചന നടത്തിയതിന്റെ വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിവരം. എന്നാൽ വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഭർത്താവിന് ഇതിൽ പങ്കില്ലെന്ന് വ്യക്തമായി. സ്വർണം കടത്തിക്കൊണ്ടുവരുന്ന കാര്യം പ്രിയങ്ക ഭർത്താവിനോട് മറച്ചുവെച്ചിരുന്നു. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകാൻ പ്രിയങ്ക തന്നെയാണ് നാട്ടിൽനിന്ന് കാർ ഏർപ്പാടാക്കിയത്. ഭർത്താവിനോടും അതേ വാഹനത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവിനെ കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പ്രിയങ്കയും ശ്രീലാലും ഉൾപ്പെടെ നാലു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ നാടകത്തിന് പിന്നിലെ ആസൂത്രണവും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവരാനുണ്ടെന്നാണ് സൂചന.

You may also like